കടല്‍ക്ഷോഭം ശക്തമായി; പുന്നപ്ര ഫിഷ്‌ലാന്റ് സെന്റര്‍ തകര്‍ച്ചാഭീഷണിയില്‍
അമ്പലപ്പുഴ: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തകര്‍ച്ചാഭീഷണി നേരിടുന്ന പുന്നപ്ര ചള്ളി കടപ്പുറത്തെ ഫിഷ്‌ലാന്റ് സെന്റര്‍ തുറമുഖ വകുപ്പ് വിഭാഗം ആലപ്പുഴ മേധാവി ടി.ഒ സാറാമ്മയും സംഘവും സന്ദര്‍ശനം നടത്തി. കഴിഞ്ഞ രണ്ടു ദിവസമായി ചള്ളി കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷമാകുകയും തിരമാലകള്‍ തീരം കവിഞ്ഞൊഴുകി ഫിഷ് ലാന്റിന് നൂറു മീറ്റര്‍ അകലെ വരെ എത്തുകയായിരുന്നു.
കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ സ്ഥലം കടലെടുത്തു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് തുറമുഖ വകുപ്പ് ഒരു കോടി 96 ലക്ഷം രൂപ ചെലവഴിച്ച് ഫിഷ് ലാന്റിംഗ് സെന്റര്‍ നവീകരിച്ചത്. എന്നാല്‍ കടല്‍ക്ഷോഭം ശക്തി പ്രാപിച്ചതോടെ ഇവിടം തകര്‍ച്ചാഭീഷണി നേരിടുകയാണ്. ഇവിടെ അശാസ്ത്രീയമായ രീതിയില്‍ കടല്‍ഭിത്തി നിര്‍മ്മിച്ചതാണ് തീരം കടലെടുക്കാന്‍ കാരണമെന്നു ആക്ഷേപമുണ്ട്.
തിരമാലകള്‍ ശക്തമായതിനാല്‍ കടല്‍ഭിത്തിക്കു മുകളിലൂടെ വെള്ളം അടിച്ചുകയറി പുന്നപ്ര തെക്കു പഞ്ചായത്ത് പതിനാലാം വാര്‍ഡ് പുതുവലില്‍ നാസര്‍, ഷെരീഫ്, സെയ്ത് എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു.
രാത്രിയോടെ കടല്‍ വീണ്ടും ശക്തി പ്രാപിക്കുമെന്നു മനസിലാക്കിയ മത്സ്യതൊഴിലാളികള്‍ ജെ.സി.ബി വരുത്തി കടല്‍തീരത്തിരുന്ന വള്ളങ്ങളും അനുബന്ധ ഉപകരണങ്ങളും ഇവിടെ നിന്നും മറ്റു ഭാഗങ്ങളിലേയ്ക്കു മാറ്റുകയായിരുന്നു. ഫിഷ്‌ലാന്റ് തകര്‍ച്ചാഭീഷണി നേരിടുന്നത് ഉടന്‍ തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സ്ഥലം സന്ദര്‍ശിച്ച ഹാര്‍ബര്‍ വിഭാഗം മേധാവി അറിയിച്ചു.
എന്നാല്‍ സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ജി.സുധാകരന്‍ സന്ദര്‍ശിക്കാതിരുന്നത് മത്സ്യതൊഴിലാളികളോടുള്ള അവഗണനയാണെന്ന് സ്ഥലം സന്ദര്‍ശിച്ച ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ദിനകരന്‍ കുറ്റപ്പെടുത്തി. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പുലിമുട്ട് സ്ഥാപിക്കാനായി പുന്നപ്ര മുതല്‍ പുറക്കാട് ഐയ്യന്‍ കോവിക്കല്‍ തീരം വരെ എസ്റ്റിമേറ്റ് എടുത്തിരുന്നെങ്കിലും ആ എസ്റ്റിമേറ്റ് വെളിച്ചം കണ്ടില്ല.
2016ല്‍ ഉണ്ടായ കടല്‍ക്ഷോഭത്തില്‍ പുന്നപ്ര സ്വദേശികളുടെ 49 വള്ളങ്ങളും അനുബന്ധ ഉപകരണങ്ങളുമാണ് നശിച്ചത്.
അന്ന് മന്ത്രി.ജി.സുധാകരന്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഒരു കോടി ആറു ലക്ഷം രൂപ പ്രഖ്യാപിച്ചെങ്കിലും നഷ്ടപരിഹാരം കൊടുക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായില്ലെന്നും വി.ദിനകരന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."