എ.സി റോഡിലെ കുഴിയടക്കാത്തതില്‍ ജനപ്രതിനിധികളുടെ പ്രതിഷേധം
കുട്ടനാട്: ആലപ്പുഴ-ചങ്ങനാശേരി സംസ്ഥാനപാതയിലെ കുഴിയടക്കാന്‍ കെ.എസ്.ടി.പി നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് ചമ്പക്കുളം പഞ്ചായത്തിലെ ജനപ്രതിനിധികള്‍ എ.സി റോഡ് ഉപരോധിച്ചു. ശനിയാഴ്ച വൈകിട്ട് നാലരയോടെ നടന്ന ഉപരോധ സമരത്തെത്തുടര്‍ന്ന് അരമണിക്കൂറോളം റോഡിലെ ഗതാഗതം തടസപ്പെട്ടു. കുട്ടനാട് താലൂക്ക് എസ്.എന്‍.ഡി.പി യൂനിയന്‍ ഓഫീസിനു സമീപത്ത് 50 മീറ്റര്‍ ദൂരത്തിലാണ് വെള്ളക്കെട്ടു മൂലം റോഡില്‍ കുഴികള്‍ രൂപപ്പെട്ടത്. അരയടിയോളം താഴ്ചയുള്ള കുഴികളില്‍ വീണ് ഇരുചക്രവാഹനയാത്രികര്‍രടക്കം അപകടത്തില്‍പ്പെടുന്നത് പതിവായതോടെയാണ് ജനപ്രതിനിധികള്‍ പ്രതിഷേധവുമായി എത്തിയത്.
എ.സി റോഡിനു സമീപത്തെ മൂലപൊങ്ങമ്പ്ര പാടശേഖരത്തില്‍ രണ്ടാം കൃഷിക്കായി വെള്ളം കയറ്റിയതും വേനല്‍മഴ ശക്തമായതോടെയുമാണ് റോഡില്‍ വെള്ളം കയറിയത്. 12 ദിവസത്തോളം വെള്ളം കയറിക്കിടന്നതിനെത്തുടര്‍ന്നാണ് റോഡിലെ ടാറിങ് ഇളകി മാറി റോഡ് തോടായത്. പാതയിലെ വെള്ളമിറങ്ങിയാലുടന്‍ കുഴികളുള്ള ഭാഗത്ത് ടാറിങ് നടത്തുമെന്ന് കെ.എസ്.ടി.പി. അധികൃതര്‍ പറഞ്ഞിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡിന്റെ വശങ്ങളിലുള്ള വെള്ളക്കെട്ട് പമ്പ് ചെയ്തു വറ്റിക്കുകയും ചെയ്തിരുന്നു.
വെള്ളമിറങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികള്‍ നടത്താന്‍ തയ്യാറാകാതെ വന്നതോടെയാണ് ജനപ്രതിനിധികള്‍ റോഡ് ഉപരോധിച്ചത്. ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു പഞ്ഞിമരം ഉദ്ഘാടനം ചെയ്തു. റോഡിലെ കുഴികളടയ്ക്കാന്‍ കെ.എസ്.ടി.പി. അടിയന്തിരനടപടി സ്വീകരിക്കാത്ത പക്ഷം പൊതുജനങ്ങളെ സംഘടിപ്പിച്ച് കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് അദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് മോളി അലക്‌സ്, ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നകുമാരി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ തങ്കച്ചന്‍ കൂലിപ്പുരയ്ക്കല്‍, മിനി ജെയിംസ്, സന്തോഷ് കുമാരി ബാബു, മറിയമ്മ ഫ്രാന്‍സിസ്, സതിയമ്മ, അന്നമ്മ ജോസഫ്, പൗലോസ് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."