ജിഷ വധക്കേസ് അന്വേഷണം പാളിയതായി വിജിലന്‍സ്
തിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷണം തുടക്കംമുതല്‍ പാളിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് കൈമാറി. കഴിഞ്ഞ ജനുവരി 16നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജിഷ വധക്കേസില്‍ പൊലിസിന് വീഴ്ച സംഭവിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. നളിനി നെറ്റോ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കും കൈമാറി.
ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ചയാണുണ്ടായതെന്നും 16 പേജുള്ള റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ കേസ് കോടതിയില്‍ നിലനില്‍ക്കില്ല. എഫ്.ഐ.ആര്‍ തയാറാക്കിയതിലും വീഴ്ചയുണ്ടായി. കേസില്‍ ഇതരസംസ്ഥാനക്കാരനായ അമീര്‍ മാത്രമാണോ പ്രതിയെന്ന് പൊലിസിന് ഉറപ്പില്ല. മുന്‍വിധിയോടെയാണ് കേസ് അന്വേഷണം നടന്നത്. ഇപ്പോഴത്തെ നിലയില്‍ കുറ്റപത്രവുമായി മുന്നോട്ടുപോയാല്‍ കോടതിയില്‍ കനത്ത തിരിച്ചടിയാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലും പിന്നീട് ബെഹ്‌റ പൊലിസ് മേധാവിയായി വന്നതിനുശേഷമുള്ള അന്വേഷണത്തിലും വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് എടുത്തുപറയുന്നു.
പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളും സ്വന്തം നിഗമനങ്ങളും വച്ചാണ് ജേക്കബ് തോമസ് റിപ്പോര്‍ട്ട് തയാറാക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എ.ഡി.ജി.പി കെ.പത്മകുമാറിന്റെയും തുടര്‍ന്ന് ഇടതുസര്‍ക്കാര്‍ നിയമിച്ച എ.ഡി.ജി.പി ബി.സന്ധ്യയുടെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെയും വിജിലന്‍സ് ചോദ്യംചെയ്യുന്നുണ്ട്.
അതേസമയം, റിപ്പോര്‍ട്ട് തള്ളിയ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, വിജിലന്‍സിന് ഇങ്ങനെ റിപ്പോര്‍ട്ട് നല്‍കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുകയും ചെയ്തു. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരേ വിമര്‍ശനവുമായി എ.ഡി.ജി.പി ബി. സന്ധ്യയും രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."