രൂപയുടെ മൂല്യത്തകര്‍ച്ചയും ഗള്‍ഫ് കറന്‍സികളുടെ ഉയര്‍ന്ന നിരക്കും; പ്രവാസി നിക്ഷേപത്തില്‍ വന്‍ വര്‍ധന
റിയാദ്: ഇന്ത്യന്‍ രൂപയുടെ മൂല്യം ഓരോ ദിനം കഴിയുംതോറും ഇടിയുന്നത് ആശങ്കയുയര്‍ത്തുന്നെങ്കിലും പ്രവാസികള്‍ക്ക് ലഭിക്കുന്നത് മികച്ച റേറ്റ്. ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ സര്‍വകാല റെക്കോര്‍ഡാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ശമ്പളത്തിന്റെ ഏറിയ പങ്കും സ്വരൂപിച്ച് പരമാവധി നാട്ടിലേക്ക് അയയ്ക്കുകയാണ് പ്രവാസികള്‍. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ പ്രവാസികള്‍ പരമാവധി പണം നാട്ടിലേക്ക് അയയ്ക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയിലേക്കുള്ള പ്രവാസി നിക്ഷേപത്തില്‍ വന്‍വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
പ്രമുഖ ഓണ്‍ലൈന്‍ എക്‌സ്‌ചേഞ്ച് സൈറ്റ് പ്രകാരം ഒരു സഊദി റിയാലിന് നിലവില്‍ പതിനെട്ടു രൂപയിലധികമാണ് നിലവില്‍ ലഭിക്കുന്നത്. ഒരു യു.എ.ഇ ദിര്‍ഹത്തിന് 18.5 രൂപയിലധികവും ലഭിക്കുന്നുണ്ട്. ഒരു കുവൈത്തി ദിനാറിനു 223 രൂപയും ഒരു ബഹ്‌റൈന്‍ ദിനാറിനു 180 രൂപയും ഖത്തര്‍ റിയാല്‍ 18.60 രൂപയും ഒമാനി റിയാലിന് 176 രൂപയുമാണ് ലഭിക്കുന്നത്.
മികച്ച വിനിമയ നിരക്ക് ലഭിക്കുന്നതിനാല്‍ പ്രവാസി നിക്ഷേപത്തിലുണ്ടാകുന്ന വന്‍വര്‍ധനവ് സമീപകാലത്ത് പ്രവാസി നിക്ഷേപത്തില്‍ ഉണ്ടായ തിരിച്ചടി പോലും മറികടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഡോളറുമായുള്ള വിനിമയമൂല്യം ഇപ്പോള്‍ 68.34 രൂപയിലാണ്. കഴിഞ്ഞ16 മാസത്തിനിടയിലെ ഏറ്റവും കുറവാണിത്. ഈ പ്രവണത തുടരാന്‍ തന്നെയാണ് സാധ്യതയെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഇറാനെതിരെ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന യു.എസ് ഭീഷണി നിലനില്‍ക്കുന്നതിനാലും ആഗോള വിപണിയിലെ എണ്ണ ഉല്‍പ്പാദന വാര്‍ത്തകള്‍ സ്ഥാനം പിടിക്കുന്നതിനാലും ഡോളറിന്റെ വിനിമയ മൂല്യം 70 രൂപയിലേക്ക് ഉയരുമെന്നും അങ്ങനെ വന്നാല്‍ ഗള്‍ഫ് കറന്‍സികളില്‍ അത് വ്യക്തമായി പ്രതിഫലിക്കുമെന്നും കരുതപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."