ഹജ്ജ് തീര്‍ഥാടനത്തിനുള്ള അനാവശ്യ ചെലവുകള്‍ ഒഴിവാക്കും
ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടനത്തിനിടെയുണ്ടാവുന്ന അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇത്തരമൊരു നീക്കത്തിലൂടെ തീര്‍ഥാടനത്തിനുള്ള പണം ഇപ്പോഴുള്ളതിനേക്കാള്‍ കുറച്ചുകൊണ്ടുവരാമെന്നാണ് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രാലയം വിലയിരുത്തുന്നത്.
നിലവിലുള്ള 21 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ കുറയ്ക്കുന്നതിലൂടെ ചെലവ് ചുരുക്കാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് ഒമ്പത് വരെ ആക്കി ചുരുക്കാന്‍ കഴിയുമെന്ന് ഹജ്ജിന്റെ ചുമതലകൂടിയുള്ള ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.
മറ്റുമാര്‍ഗങ്ങള്‍ കണ്ടെത്തി ഹജ്ജ് തീര്‍ഥാടനത്തിനുള്ള ചെലവുചുരുക്കി സബ്‌സിഡി ക്രമേണ ഒഴിവാക്കണമെന്ന് 2012ല്‍ സുപ്രിംകോടതി നിര്‍ദേശമുണ്ട്. 2022 ഓടെ ഹജ്ജ് സബ്‌സിഡി പൂര്‍ണമായി ഇല്ലാതാക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സബ്‌സിഡി ഇല്ലാതാവുമെങ്കിലും തീര്‍ഥാടകര്‍ക്ക് അധിക ഭാരമില്ലാതിരിക്കാന്‍ യാത്രാചെലവ് ചുരുക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. ഹജ്ജ് യാത്രയ്ക്കായി ആഗോള ടെന്‍ഡര്‍ വിളിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.
സബ്‌സിഡി നിര്‍ത്തലാക്കുന്നതു സംബന്ധിച്ച് നഖ്‌വിയുടെ നേതൃത്വത്തിലുള്ള സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ജിദ്ദയിലെ ഇന്ത്യയുടെ മുന്‍ കോണ്‍സുലേറ്റ് ജനറല്‍ അഫ്‌സല്‍ അമാനുല്ലയാണ് സമിതി കണ്‍വീനര്‍.
ജസ്റ്റിസ് എസ്.എസ് പര്‍ക്കര്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഖൈസര്‍ ശമീം, മൈക്കല്‍ മസ്‌കറേന്നസ്, പ്രമുഖ മുസ്‌ലിം പണ്ഡിതന്‍ കമാല്‍ ഫാറൂഖി, ന്യൂനപക്ഷകാര്യമന്ത്രാലയത്തിലെ മെംബര്‍ സെക്രട്ടറി ജെ. ആലം എന്നിവരാണ് സമിതി അംഗങ്ങള്‍. ഹജ്ജുമായി ബന്ധപ്പെട്ട നിലവിലെ നയങ്ങളില്‍ മാറ്റംവരുത്തല്‍, സബ്‌സിഡി നിര്‍ത്തലാക്കിയാലും ഓരോ തീര്‍ഥാടകനും എങ്ങനെ കുറഞ്ഞചെലവില്‍ യാത്രചെയ്യാം തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിക്കുന്നത്.
ഇതുസംബന്ധിച്ച് തയാറാക്കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചാവും സര്‍ക്കാര്‍ തീരുമാനമെടുക്കുക. നിലവില്‍ ഒരുവര്‍ഷം 650 കോടി രൂപയാണ് തീര്‍ഥാടകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്. 2018ലെ തീര്‍ഥാടനം പുതിയ നയം അനുസരിച്ചായിരിക്കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."