മഴ കനത്തു; മലയോരം ഉരുള്‍പ്പൊട്ടല്‍ ഭീഷണിയില്‍
നിലമ്പൂര്‍: കഴിഞ്ഞ രണ്ടുദിവസമായി നിലമ്പൂരില്‍ കനത്ത മഴ തുടരുന്നത് മലയോര മേഖലയെ ഭീതിയിലാഴ്ത്തുന്നു. മുന്‍ വര്‍ഷങ്ങളില്‍ മേഖലയിലെ പലയിടങ്ങളിലും ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തിലാണ് കനത്ത മഴയില്‍ മലയോരം ആശങ്കയിലാവാന്‍ കാരണം. ചാലിയാര്‍ പുഴയിലടക്കം ജലനിരപ്പ് ഉയര്‍ന്നു.വനത്തിനുള്ളിലും കനത്ത മഴ തുടരുന്നത് മലയിടിച്ചിലിനും ഇടയാക്കും. ചാലിയാര്‍, പോത്തുകല്‍, കാളികാവ്, കരുളായി, ചോക്കാട്, കരുവാരക്കുണ്ട്, വഴിക്കടവ് പഞ്ചായത്തുകളിലെ മലയോര മേഖലയിലാണ് ജനം ആശങ്കയില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം നാടുകാണി ചുരത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ആഴ്ചകളോളാം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. ചാലിയാര്‍ പഞ്ചായത്തിലെ വെണ്ണേക്കോട് മലവാരത്തില്‍ മുതുവാന്‍ കോളനി മുതല്‍ പത്താം ബ്ലോക്ക് വരെയുള്ള ഭാഗങ്ങളിലായി ആറിടങ്ങളിലാണ് പല വര്‍ഷങ്ങളിലായി ഉരുള്‍പൊട്ടലുണ്ടായത്. പോത്തുകല്‍ പഞ്ചായത്തിലെ പാതാര്‍, മുരുകാഞ്ഞിരം എന്നിവടങ്ങളിലും മുമ്പ് ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. വഴിക്കടവിലെ വെട്ടുകത്തികോട്ടയും ജനങ്ങള്‍ക്ക് ഭീഷണിയാണ്. മഴ ശമനമില്ലാതെ തുടര്‍ന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനുള്ള സാധ്യതയും ഏറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."