വിമാന ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കര്‍ മറിഞ്ഞ് തീപിടിത്തം
തിരൂര്‍: താനൂരില്‍ വിമാന ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കര്‍ മറിഞ്ഞുണ്ടായ തീപിടിത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൊച്ചി അമ്പലമുകളില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്.
താനൂരിലെ ജ്യോതി ടാക്കീസ് പരിസരത്തെ ഇരട്ടവളവില്‍ ഇന്നലെ പുലര്‍ച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. ടാങ്കര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ലോറിയില്‍ ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് രാവിലെ 10.30ഓടെയാണ് തീപിടുത്തമുണ്ടായത്.
അഗ്നിബാധയില്‍ സമീപത്തെ തെങ്ങിലകത്ത് കോയയുടെ വീടിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ഈ ഭാഗത്ത് നിര്‍ത്തിയിട്ട കാറും ബൈക്കും അഗ്നിക്കിരയായി. ചേക്കിന്റകത്ത് അനസിന്റെ ബൈക്കാണ് നശിച്ചത്. ഇതിനുപുറമേ പണി നടന്നുകൊണ്ടിരിക്കുന്ന മമ്മോലകത്ത് ഷാജിയുടെ വീട്ടിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വാതിലുകളും തകര്‍ന്നു. പ്രദേശത്തെ ഇലക്ട്രിക് ലൈനുകള്‍ ഉരുകിവീഴുകയും ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. അപകടസ്ഥലത്തുനിന്ന് 500 മീറ്റര്‍ അകലെയും ബൈക്ക് കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്തെ കൃഷിയിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. അടിയന്തരമായി വൈദ്യുതി വിച്ഛേദിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന്് തലകീഴായി ടാങ്കര്‍ മറിഞ്ഞതിനാല്‍ ചോര്‍ച്ച തുടക്കത്തില്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. റോഡിനുസമീപത്തെ പറമ്പിലേക്കുമറിഞ്ഞ ടാങ്കറില്‍നിന്ന് അഴുക്കുചാല്‍ വഴി 200 മീറ്റര്‍ അകലെയുള്ള കനോലി കനാലിലേയ്ക്ക് ഇന്ധനം ഒലിച്ചെത്തിയതിനുശേഷമാണ് ചോര്‍ച്ച നാട്ടുകാര്‍ അറിയുന്നത്.
അപകടസാധ്യത കണക്കിലെടുക്കാതെ മൂവായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സമീപത്തെ എച്ച്.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പതിവുപോലെ തുറന്നതും പ്രശ്‌നം സങ്കീര്‍ണമാക്കി. തീപിടുത്തമുണ്ടായതോടെ പരിസരവാസികളും സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളും പരിഭ്രാന്തരായി.
പ്രദേശത്ത് ജനം തടിച്ചുകൂടിയതോടെ താനൂരിലെ എല്ലാ റോഡുകളിലും ഗതാഗതം സ്തംഭിച്ചു. കോഴിക്കോട്, മലപ്പുറം, പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍നിന്ന് അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തി ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്. അപകടസാധ്യത മുന്നില്‍ക്കണ്ട് കനോലി കനാലിന് ഇരുവശത്തുമുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
അഴുക്കുചാലിലൂടെ ഒഴുകിയ ഇന്ധനത്തിന് ആരെങ്കിലും തീ കൊടുത്തതാകാം ആളിപ്പടരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ജില്ലാ കലക്ടര്‍ എസ്. വെങ്കിടേശപതി അപകടസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലിസ് മേധാവി വ്യക്തമാക്കി. അപകടത്തില്‍ ലോറി ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി സനേഷിന് നേരിയ പരുക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."