ഇൻസ്റ്റഗ്രാം വഴി കൊലവിളി നടത്തി, നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്ന് ഭീഷണിപ്പെടുത്തി; ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്, നിർണായക തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്
കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലിസിന്റെ കണ്ടെത്തൽ. ഇത് വ്യക്തമാക്കുന്ന നിർണായക തെളിവുകൾ ഇൻസ്റ്റഗ്രാമിൽ നിന്ന് ലഭിച്ചെന്നാണ് പൊലിസ് പറയുന്നത്.
ഷഹബാസിനെതിരെ പ്രതികൾ ഇൻസ്റ്റഗ്രാം വഴി കൊലവിളി നടത്തി. നേരിട്ട് കണ്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലിസ് പറയുന്നു. നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലിസ് വ്യക്തമാക്കുന്നു.
പ്രതികളായ വിദ്യാർഥികളും ഷഹബാസിൻ്റെ സുഹൃത്തുകളും തമ്മിൽ മുമ്പും ഏറ്റുമുട്ടാൻ വെല്ലുവിളി നടത്തിയിരുന്നു. രണ്ട് സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിലുള്ള തർക്കമാണ് ഈ പകക്ക് പിന്നിലെന്നും പൊലിസ് ചൂണ്ടിക്കാട്ടുന്നു.
ഷഹബാസ് ഉപയോഗിച്ച ഫോൺ പൊലിസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. താമരശ്ശേരി എസ്എച്ച്ഒ സായൂജിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും സൈബർ സെല്ലും ചേർന്ന് പിന്നീട് ആ ഫോൺ പരിശോധിച്ചു. ഇതിൽ നിന്നാണ് കുറേ വിവരങ്ങൾ കിട്ടിയത്.
കേസിൽ മെറ്റയുടെ സഹായവും പൊലിസ് തേടുന്നുണ്ട്. സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളിലെ ഓഡിയോ സന്ദേശങ്ങളുടെ ഉറവിടം അറിയാനും ,അക്കൗണ്ടുകൾ വ്യാജമാണോ എന്നും പരിശോധിച്ച് അറിയിക്കാനും ആവശ്യപ്പെട്ട് അന്വേഷണ സംഘം മെറ്റയ്ക്ക് മെയിൽ അയച്ചിരുന്നു. സമൂഹമാധ്യമ അക്കൗണ്ടുകൾ ഏത് ഡിവൈസുകലിലാണ് ഉപയോഗിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങളും അറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്.
മർദനത്തിനായി രൂപീകരിച്ച സമൂഹമാധ്യമ ഗ്രൂപ്പിൽ 63 വിദ്യാർഥികളാണ് ഉള്ളതെന്നും പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരിട്ടു മർദിച്ച 6 പേരുടെ പങ്കാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഗൂഢാലോചനയിലോ മർദനം ആസൂത്രണം ചെയ്തതിലോ മറ്റു കുട്ടികൾക്കു പങ്കുണ്ടോ എന്ന കാര്യവും പൊലിസ്തും പരിശോധിക്കുകയാണ്.
നഞ്ചക്കിന്റെ ആക്രമണരീതി പഠിച്ചത് യുട്യൂബിൽനിന്നാണെന്ന് പൊലിസ് നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിയുടെ കരാട്ടെ പരിശീലനം തേടുന്ന സഹോദരന്റേതാണു നഞ്ചക്ക് എന്നും പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഷഹബാസിനു ഗുരുതരമായി പരുക്കേറ്റത് നഞ്ചക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ്. ഈ കുട്ടിയുടെ മൊബൈൽ ഫോണിലെ സേർച് ഹിസ്റ്ററിയിൽ നഞ്ചക്ക് ഉപയോഗം വ്യക്തമാക്കുന്ന വിഡിയോകളുണ്ടെന്നും പൊലിസ് കണ്ടെത്തി.
അതിനിടെ കുട്ടികളുടെ പിതാവിനു സംഘർഷവുമായോ ഗൂഢാലോചനയുമായോ ബന്ധമുണ്ടോ എന്നതിൽ അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം കേസിലെ പ്രതികൾ പരീക്ഷ എഴുതുന്നതിനെതിരെ ഇന്നും അവരെ പാർപ്പിച്ച കേന്ദ്രത്തിനു മുന്നിൽ കെഎസ്‌യു-എംഎസ്എഫ് പ്രതിഷേധമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."