പെട്രോള്‍ വിവാദം ബൈവീലേഴ്‌സ് ഓഫ് ഇന്ത്യ പ്രതിഷേധത്തിനൊരുങ്ങുന്നു
കൊച്ചി: ഹെല്‍മെറ്റ് ധരിക്കാതെ പെട്രോള്‍ ബങ്കിലെത്തുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കേണ്ടതില്ലെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷനറുടെ തീരുമാനത്തിനെതിരേ ബൈവീലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിഷേധത്തിനൊരുങ്ങുന്നു. കമ്മിഷനറുടെ തുഗ്‌ളക്ക് പരിഷ്‌കാരത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കുരുവിള മാത്യൂസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാഹനാപകടങ്ങള്‍ പെരുകുന്നത് ഇരുചക്ര വാഹനങ്ങളുടെ അനാസ്ഥമൂലമാണെന്ന കമ്മിഷനറുടെ കണ്ടെത്തല്‍ ബാലിശമാണ്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ മുഴുവന്‍ പെട്രോള്‍ ബങ്കുകളിലും നിരീക്ഷണ കാമറ സ്ഥാപിക്കുമെന്ന കമ്മിഷനറുടെ വാദം പ്രായോഗികമല്ല. സര്‍ക്കാരുമായോ വകുപ്പ് മന്ത്രിയുമായോ ചര്‍ച്ച ചെയ്യാതെയുള്ള കമ്മിഷനറുടെ ഏകപക്ഷീയ തീരുമാനം അനവസരത്തിലുള്ളതാണ്.
തീരുമാന പ്രകാരം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ മറ്റു ജില്ലകളെ ഒഴിവാക്കുന്നത് ഇരട്ടത്താപ്പിന്റെ ഭാഗമാണ്.
മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. നേരത്തെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷനര്‍ വിവാദത്തില്‍പ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ടോമിന്‍ തച്ചങ്കരിയും വിവാദം സൃഷ്ടിക്കുന്നത്. ജൂലൈ നാലിന് കോഴിക്കോട് ചേരുന്ന കേന്ദ്രസമിതി യോഗത്തില്‍ പ്രതിഷേധ പരിപാടികളെ കുറിച്ച് തീരുമാനമെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ രാജന്‍ എ. മാത്യു, സി. ശിവാനന്ദന്‍, സൈമണ്‍ മാത്യു തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."