യു.ഡി.എഫിന്റെ മദ്യനയം പരാജയമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം യാഥാര്‍ഥ്യബോധമില്ലാത്തതും പ്രായോഗികമായി പരാജയവുമായിരുന്നുവെന്നു സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. എം.സ്വരാജ്, ജെയിംസ് മാത്യു, സി.കെ ഹരീന്ദ്രന്‍, യു.ആര്‍ പ്രദീപ് എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഇക്കാര്യം സഭയെ അറിയിച്ചത്. അതേസമയം നിലവിലുള്ള മദ്യനയം പ്രാവര്‍ത്തികമായശേഷം സംസ്ഥാനത്ത് കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും വ്യാപനവും വര്‍ധിച്ചതായും മന്ത്രി പറഞ്ഞു.
2013ല്‍ 793ഉം 2014ല്‍ 970ഉം എന്‍.ഡി.പി.എസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2015ല്‍ 1430 ആയി കേസുകളുടെ എണ്ണം ഉയര്‍ന്നു. എക്‌സൈസ് വകുപ്പ് ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളും വ്യാപകമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നതായും പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനു ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതായും മന്ത്രി വ്യക്തമാക്കി. മദ്യ, ലഹരി വസ്തുക്കള്‍ക്കെതിരേ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെ മദ്യവര്‍ജനത്തിലൂന്നിയുള്ള ഒരു മദ്യനയമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മദ്യപാനത്തെ ഉദാത്തവത്കരിക്കുന്ന സാമൂഹ്യശീലങ്ങളില്‍നിന്നു മുഴുവന്‍ ജനങ്ങളെയും ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെ മദ്യവിമുക്തരാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രിസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."