മെഡിക്കല്‍ കോളജുകളുടെ അംഗീകാരം; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം ലഭിക്കാന്‍ നടപടി സ്വീകരിക്കാത്തതിലും എം.ബി.ബി.എസ് സീറ്റുകള്‍ നഷ്ടമാക്കിയ സര്‍ക്കാര്‍ നിലപാടിലും പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. തീരുമാനത്തില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളജുകളുള്ള മണ്ഡലങ്ങളിലെ എം.എല്‍.എ മാര്‍ സത്യാഗ്രഹമിരുന്നതിന് ശേഷമായിരുന്നു വാക്കൗട്ട്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതിനുശേഷം മാത്രമേ കൂടുതല്‍ സീറ്റുകളിലേക്ക് പ്രവേശനം അനുവദിക്കൂവെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.
സര്‍ക്കാരിന്റെ അലംഭാവം കാരണം സംസ്ഥാനത്താകെ ആയിരത്തോളം എം.ബി.ബി.എസ് സീറ്റുകള്‍ നഷ്ടമായതായി അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ വി.എസ്.ശിവകുമാര്‍ ആരോപിച്ചു. മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തിയ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 100 സീറ്റുകളില്‍ പ്രവേശനത്തിന് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയെങ്കിലും പ്രവേശനം വേണ്ട എന്ന നിലപാടാണ് സര്‍ക്കാരിന്റേത്.
യു.ഡി.എഫ് സര്‍ക്കാര്‍ പുതുതായി തുടങ്ങിയ അഞ്ച് മെഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ബോധപൂര്‍വം വീഴ്ച വരുത്തി. ഇതു കാരണമാണ് മെഡിക്കല്‍ സീറ്റുകള്‍ നഷ്ടമായത്. പുതുതായി തുടങ്ങിയ ഇടുക്കി, മഞ്ചേരി ഉള്‍പ്പെടെയുള്ള അഞ്ച് മെഡിക്കല്‍ കോളജുകളേയും തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും വി.എസ്.ശിവകുമാര്‍ ആരോപിച്ചു.
കഴിഞ്ഞ സര്‍ക്കാര്‍ യാതൊരുവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്താതെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ ഒറ്റയടിക്ക് മെഡിക്കല്‍ കോളജുകളാക്കി ഉയര്‍ത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഏഴു സ്വകാര്യമെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രവേശന നടപടികള്‍ നിഷേധിക്കപ്പെട്ടത്. ലബോറട്ടറി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതിരുന്ന ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ അംഗീകാരവും നഷ്ടമായി. കാസര്‍കോട്, കോന്നി മെഡിക്കല്‍ കോളജുകളിലും സമാനമായ അവസ്ഥയാണുള്ളതെന്ന് മന്ത്രി വിശദീകരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ഒരു മെഡിക്കല്‍ കോളജ് പോലും അടച്ചു പൂട്ടില്ല. പടിപടിയായി ഇവയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയശേഷം മാത്രമേ മെഡിക്കല്‍ പ്രവേശനം സാധ്യമാകൂ. നിലവിലുള്ള അഞ്ച് മെഡിക്കല്‍ കോളജുകളെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആരോഗ്യമേഖലയിലെ നേട്ടങ്ങളെ പാടേ തമസ്‌കരിക്കുന്ന നയമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വാക്കൗട്ടിന് മുന്‍പ് നടത്തിയ പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്യസംസ്ഥാന വിദ്യാഭ്യാസ ലോബികളെ സഹായിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നീക്കത്തിന് പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു.
എല്ലാ സൗകര്യങ്ങളും ഒരുക്കിയശേഷമേ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കാനാകൂവെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ നയം ഉടന്‍ തിരുത്തി പ്രവേശനത്തിന് നടപടികള്‍ ആരംഭിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കേണ്ടത് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ചുമതലയാണെന്നും ഇല്ലായെന്ന് മന്ത്രി മുന്‍കൂട്ടി പ്രഖ്യാപിച്ചത് അനുചിതമാണെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പല കാര്യങ്ങളിലും രാഷ്ട്രീയ സമീപനം നല്ലതാണ്. എന്നാല്‍ ആരോഗ്യമേഖലയില്‍ രാഷ്ട്രീയലക്ഷ്യം വച്ചുള്ള നിലപാടുകള്‍ ഒഴിവാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."