ബ്രിട്ടന്‍: ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകാനില്ല
ലണ്ടന്‍: ബ്രെക്‌സിറ്റിനു പിന്നാലെ പ്രധാനമന്ത്രി ഡെവിഡ് കാമറോണ്‍ രാജിവച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരരംഗത്തു നിന്ന് മുന്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ പിന്മാറി. ബ്രെക്‌സിറ്റ് ജനഹിതത്തില്‍ 'ലീവ് ' പക്ഷത്തിന്റെ മുന്‍നിര പോരാളിയും കാമറണിന്റെ പിന്‍ഗാമിയാകുമെന്നു പ്രതീക്ഷിക്കപ്പെടുകയും ചെയ്തിരുന്ന ജോണ്‍സണ്‍ ഇന്നലെയാണു മാധ്യമങ്ങളോടു നിലപാട് വ്യക്തമാക്കിയത്.
പ്രധാനമന്ത്രി മത്സരത്തില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയെ പിന്തുണക്കുന്നുവെന്നും എന്നാല്‍ സ്ഥാനത്തേക്കു മത്സരിക്കാന്‍ താനില്ലെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അടുത്ത കണ്‍സര്‍വേറ്റിവ് ഭരണകൂടത്തിനു സാധ്യമായ എല്ലാ പിന്തുണയും നല്‍കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. കഴിഞ്ഞ ജനഹിതത്തിലെ ഭൂരിപക്ഷം ശരിവയ്ക്കുകയും ഞങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്ന അജന്‍ഡ കൃത്യമായി പൂര്‍ത്തീകരിക്കാനാകുമെന്ന് ഉറപ്പാക്കുകയാണ് എന്റെ കര്‍ത്തവ്യം-അദ്ദേഹം പറഞ്ഞു.
ബോറിസ് ജോണ്‍സണ്‍ മത്സരരംഗത്തു നിന്നു പിന്മാറിയതോടെ 'ലീവ് ' കാംപയിനില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന മൈക്കല്‍ ഗൗവ് അടുത്ത യു.കെ പ്രധാനമന്ത്രിയാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇന്നലെ ഗൗവ് പദവിയിലേക്കു മത്സരിക്കാനുള്ള താല്‍പര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ ആഭ്യന്തര സെക്രട്ടറി തെരേസയും മത്സരത്തിനുള്ള സന്നദ്ധത അറിയിച്ചു.
അതേസമയം നിലവിലെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും മത്സരത്തിനില്ലെന്ന് വ്യക്തമാക്കി. ഇദ്ദേഹം മത്സരിക്കുമെന്ന് അഭ്യൂഹം ഉയര്‍ന്ന സാഹചര്യത്തിലാണ് ഖാന്‍ പ്രസ്താവനയുമായി രംഗത്തുവന്നത്.
പ്രധാനമന്ത്രി പദത്തിലേക്കുള്ള നാമനിര്‍ദേശം ഇന്നലെ ഉച്ചയോടെ അവസാനിച്ചു. സെപ്റ്റംബര്‍ രണ്ടോടെ വിവിധ കക്ഷി പ്രതിനിധികളുടെ വോട്ടെടുപ്പു വഴി പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."