മലയാളി വിദ്യാര്‍ഥിയെ അടിച്ചുകൊന്ന കേസ്: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ന്യൂഡല്‍ഹി: മോഷണം ആരോപിച്ച് ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയെ അടിച്ചുകൊന്ന കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പാന്‍മസാല കടയുടമ അലോക് പണ്ഡിറ്റും പ്രായപൂര്‍ത്തിയാവാത്ത രണ്ടുമക്കളുമാണ് ഇന്നലെ പൊലിസിന്റെ പിടിയിലായത്.
മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മയൂര്‍വിഹാര്‍ ഫേസ്ത്രീയിലെ പോക്കറ്റ് എ രണ്ടില്‍ ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണു കൊലപാതകം. പാലക്കാട് കോട്ടായി സ്വദേശി ഉണ്ണികൃഷ്ണന്റെ മകനും സാല്‍വന്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയുമായ രജത്‌മേനോന്‍ (14) ആണു മരിച്ചത്. ക്രൂരമായ കൊലനടന്നിട്ടും പൊലിസ് കണ്ണടച്ചപ്പോള്‍, വിദ്യാര്‍ഥിയെ അടിച്ചുകൊന്ന പാന്‍കടയുടമ പിറ്റേദിവസം രാവിലെ തന്നെ എത്തി പാന്‍കട തുറന്നു. ഇതില്‍ രോഷാകുലരായ നാട്ടുകാര്‍ പാന്‍കട അടിച്ചുതകര്‍ത്തു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പൊലിസ് സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തത്.
കുട്ടികള്‍ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിവരുന്ന വഴിയാണു സംഭവം. സ്‌കൂട്ടറിലെത്തിയ രജതിനേയും കൂട്ടുകാരേയും തടഞ്ഞുവച്ച ശേഷം കടയുടമ സ്വന്തം മക്കളെ വിളിച്ചുവരുത്തി. കടയില്‍നിന്നു സാധനം എടുത്തെന്നും അതിന്റെ കാശ് എവിടെയെന്നും ചോദിച്ചാണു തടഞ്ഞുവച്ചതെന്ന് ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ പൊലിസിനു മൊഴി നല്‍കി. കടയുടമയുടെ മക്കള്‍ വിദ്യാര്‍ഥികളെ 100 മീറ്റര്‍ അകലെയുള്ള തപോവന്‍ പാര്‍ക്കിലേക്കു കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനിടെ രജത് ബോധരഹിതനായി.
പരിഭ്രാന്തരായ പ്രതികള്‍ തൊട്ടടുത്ത ക്ലിനിക്കിലും പിന്നീട് പട്പട്ഗഞ്ച് ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാത്രി എട്ടു മണിയോടെ, കൂടെയുണ്ടായിരുന്ന കുട്ടികളിലൊരാള്‍ അറിയിച്ചാണ് രജതിന്റെ മാതാപിതാക്കള്‍ സംഭവം അറിഞ്ഞത്.
പൊലിസ് പരാതി സ്വീകരിക്കാന്‍ തയാറാകാത്തതിനെത്തുടര്‍ന്ന് ബുധനാഴ്ച രാത്രി രണ്ടുവരെ മലയാളികള്‍ ന്യൂ അശോക് വിഹാര്‍ പൊലിസ്‌സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. വിവിധതലങ്ങളില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് സ്റ്റേഷന്‍ഹൗസ് ഓഫിസറുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തയാറായി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വിഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.
രജതിനൊപ്പമുണ്ടായിരുന്ന മറ്റു മൂന്നു വിദ്യാര്‍ഥികള്‍ക്കും പരുക്കുണ്ട്. ഇതില്‍ രണ്ടുപേര്‍ മലയാളികളാണ്.
കൊലയ്ക്കുശേഷം ഇന്നലെ രാവിലെ മറ്റൊരാളെയും കൂട്ടി വന്ന് അലോക് പണ്ഡിറ്റ് ഒന്നും സംഭവിക്കാത്തമട്ടില്‍ കടതുറന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തിയ നാട്ടുകാര്‍ പാന്‍കട അടിച്ചുതകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് അലോക് പണ്ഡിറ്റിനെയും രണ്ടു മക്കളേയും ന്യൂ അശോക്‌നഗര്‍ പൊലിസ് അറസ്റ്റ് ചെയ്തു. സംഭവ സ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റര്‍ അകലെ പോക്കറ്റ് വണ്‍ 40 ബി എം.ഐ.ജി ഫഌറ്റിലാണു രജതും കുടുംബവും താമസിക്കുന്നത്.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയ മൃതദേഹം ആറു മണിയോടെ സംസ്‌കരിച്ചു. രജതിന്റെ കുടുംബം 25 വര്‍ഷമായി ഡല്‍ഹിയിലാണു താമസം. പ്രദേശത്ത് പാന്‍മസാല വില്‍പ്പനക്കാരില്‍ നിന്ന് ഇത്തരത്തിലുള്ള അക്രമങ്ങള്‍ പതിവാണെന്നു മലയാളികള്‍ പറഞ്ഞു.
പിതാവ് കൃഷ്ണകുമാര്‍ ഡല്‍ഹിയില്‍ സ്വകാര്യ കമ്പനിയില്‍ മാനേജരാണ്. കൃഷ്ണകുമാരിയാണ് അമ്മ. സാല്‍വന്‍ പബ്ലിക് സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി രാജീവ്‌മേനോന്‍ ഏക സഹോദരനാണ്. പ്രതികള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നു എം.പിമാരായ എ.കെ.ആന്റണി, പി.കെ.ബിജു എന്നിവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ദേശീയ ബാലാവകാശ കമ്മിഷന്‍ അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."