വിളവൂര്‍ക്കലില്‍ അവിശ്വാസ പ്രമേയം; പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്ത്
മലയിന്‍കീഴ്: വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായതോടെ പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്ത്. പ്രസിഡന്റ് ബി.ജെ.പിയിലെ വി. അനില്‍കുമാറും വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിലെ റോസ്‌മേരിയുമാണ് പുറത്തായത്. പ്രസിഡന്റിനെ പുറത്താക്കാന്‍ കോണ്‍ഗ്രസും എല്‍.ഡി.എഫും ഒരുമിച്ചപ്പോള്‍ വൈസ് പ്രസിഡന്റിനെ പുറത്താക്കാന്‍ ബി.ജെ.പിയും എല്‍.ഡി.എഫും കൈകോര്‍ത്തു.
കുറേക്കാലം കോണ്‍ഗ്രസിന്റെ കൈയിലിരുന്ന ഭരണം കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് നഷ്ടമായത്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും തുല്യ അംഗങ്ങളുള്ള പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെയായിരുന്നു ബി.ജെ.പി പ്രതിനിധി വി. അനില്‍കുമാര്‍ പ്രസിഡന്റായത്. വൈസ് പ്രസിഡന്റിനായി നടന്ന നറുക്കെടുപ്പില്‍ കോണ്‍ഗ്രസിലെ റോസ് മേരിയും വിജയിച്ചു.
വികസന മുരടിപ്പെന്ന ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ആദ്യം പ്രസിഡന്റിനെതിരേ അവിശ്വാസത്തിന് നോട്ടീസ് നല്‍കി.ഇതിനു മറുപടിയെന്നോണം ബി.ജെ.പി അംഗങ്ങള്‍ വൈസ് പ്രസിഡന്റിനെതിരെയും നോട്ടീസ് നല്‍കി. ധനകാര്യ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കൂടിയായ വൈസ് പ്രസിഡന്റ് ധനകാര്യ വിഷയങ്ങളില്‍ പുലര്‍ത്തുന്ന വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് ബി.ജെ.പി നോട്ടീസ് നല്‍കിയത്. ഇന്നലെ പ്രമേയം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ പ്രസിഡന്റിനെ പുറത്താക്കാന്‍ കോണ്‍ഗ്രസും എല്‍.ഡി.എഫും യോജിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റിന്റെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിലെ റോസ് മേരിയെ പരാജയപ്പെടുത്താന്‍ എല്‍.ഡി.എഫിനൊപ്പം ബി.ജെ.പിയും കൂട്ടുചേര്‍ന്നു. നിലവില്‍ ബി.ജെ.പി 6, കോണ്‍ഗ്രസ് 6, എല്‍.ഡി.എഫ് 5 എന്നിങ്ങനെയാണ് കക്ഷിനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."