മഴയെത്തി, ക്ഷാമകാലം തുടങ്ങി ; ആദിവാസികള്‍ക്കിനി പ്രധാന ഭക്ഷണം മുളങ്കൂമ്പ്
പുല്‍പ്പള്ളി: മഴക്കാലമായതോടെ ആദിവാസികളുടെ ഭക്ഷണത്തിലെ മുഖ്യകേന്ദ്രമായി മുളങ്കൂമ്പുകള്‍ മാറി. ആദിവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും മഴക്കാലം അക്ഷരാര്‍ഥത്തില്‍ ഈ ജനവിഭാഗത്തിന്റെ ദുരിതകാലമാണ്.
കൃഷിപ്പണികളെ മാത്രം ആശ്രയിച്ച് കഴിയുന്ന ആദിവാസികള്‍ക്ക് മഴക്കാലമാകുന്നതോടെ പണിയില്ലാതാകും. റേഷനരി ലഭിക്കുമെന്നല്ലാതെ മറ്റൊന്നും ഉണ്ടാകില്ല. അരി ലഭിക്കുന്നതുകൊണ്ട് പട്ടിണി മരണം ഉണ്ടാകുന്നില്ല. കൃഷി ചെയ്യുവാന്‍ ഭൂമിയില്ലാത്തതിനാല്‍ മറ്റ് ഭക്ഷ്യവസ്തുക്കളൊന്നും ആദിവാസികള്‍ക്കുണ്ടാകില്ല. വയനാട്ടിലെ ആദിവാസികളില്‍ ബഹുഭൂരിപക്ഷവും വനത്തിനുള്ളിലോ വനത്തോടു ചേര്‍ന്നോ താമസിക്കുന്നതിനാല്‍ വനവിഭവങ്ങളാണ് ഭക്ഷ്യവസ്തുക്കള്‍. മഴക്കാലമാകുന്നതോടെ വനത്തില്‍ നിന്നുള്ള കാട്ടുകിഴങ്ങുകളും മറ്റും ലഭിക്കാതാവും. ഈ സമയത്ത് ആദിവാസികളുടെ മുഖ്യഭക്ഷണ വിഭവമാണ് മുളങ്കൂമ്പുകള്‍. മഴക്കാലത്താണ് ഇല്ലിയുടെ പുതിയ കൂമ്പുകള്‍ മുളച്ച് പൊന്തുന്നത്. പ്രോട്ടീന്റെ അംശം വളരെയേറെയുള്ള ഈ മുളങ്കൂമ്പുകള്‍ പോഷകസമൃദ്ധമാണ്. ഇവ കറിവെച്ച് ഭക്ഷിക്കുന്ന രീതി തലമുറകളായി ആദിവാസികള്‍ പിന്തുടരുന്നതാണ്. ആദിവാസികളുടെ ആരോഗ്യം പിടിച്ചു നിര്‍ത്തുന്നതില്‍ മുഖ്യപങ്കാണ് ഈ മുളങ്കൂമ്പുകള്‍ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."