ജില്ലയില്‍ വന്‍ മയക്കുമരുന്ന് വേട്ട
കൊച്ചി/ആലുവ: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പൊലിസും എക്‌സൈസും നടത്തിയ പരിശോധനയില്‍ മൂന്നര കിലേ കഞ്ചാവും ഹാഷിഷ്, നൈട്രോ സെപ്പാം ഗുളികകളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് എഴുപേരെ കസ്റ്റഡിയിലെടുത്തു.
നഗരത്തില്‍ സിറ്റി പൊലിസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം ഷാഡോ പൊലിസ് നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ നാലു യുവാക്കളും ആലുവ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കളമശ്ശേരി, കോതമംഗലം, പെരുമ്പാവൂര്‍,മൂവാറ്റുപുഴ കേന്ദ്രമാക്കി കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ മൂന്നുപേരുമാണ് അറസ്റ്റിലായത്.
പാലാരിവട്ടത്ത് നിന്നും ഒരു കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശിയായ കൊച്ചുപറമ്പില്‍ ഷിബു മാത്യൂസ് (23), മാമംഗലം സ്വദേശി ലൂയി ബെന്നറ്റ് (22) എന്നിവരെ ഷാഡോ പൊലിസും പാലാരിവട്ടം പൊലിസും ചേര്‍ന്ന് പിടികൂടി. യുവാക്കള്‍ക്കിടയിലും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും സൈക്കിളില്‍ സഞ്ചരിച്ചാണ് ഇവര്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. ആദ്യ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായും പിന്നീട് പാക്കറ്റ് ഒന്നിന് 1000 രൂപ നിരക്കിലുമാണ് ഇവര്‍ കഞ്ചാവ് നല്‍കിയിരുന്നത്.
എറണാകുളത്തെ പ്രമുഖ മാളിന് സമീപത്ത് നിന്നും 13 പൊതി ഹാഷിഷുമായി കിം ക്യാറ്റ് എന്ന ഓമന പേരിലറിയപ്പെടുന്ന എറണാകുളം സ്വദേശി വിനു ബാലകൃഷ്ണന്‍ (25) ആണ് ഷാഡോ പൊലിസിന്റെയും സെന്‍ട്രല്‍ പൊലിസിന്റെയും പിടിയിലായത്. ഫെയ്‌സ് ബുക്ക് അക്കൗണ്ട് വഴി കസ്റ്റമേഴ്‌സിനെ ശേഖരിച്ച് ഹാഷിഷ് വില്‍പനയായിരുന്നു ഇയാളുടെ പതിവ്. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ യുവതികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ പലരും ഇയാളില്‍ നിന്നും ഹാഷിഷ് വാങ്ങിയിരുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം നൈട്രോസെപ്പാം മയക്കുമരുന്ന് ഗുളികകളുമായി ആലുവ നീറിക്കോട് സ്വദേശി മറക്കമേട് വീട്ടില്‍ പീറ്റര്‍ കടവന്ത്രയെ (22) ഷാഡോ പൊലിസും സെന്‍ട്രല്‍ പൊലിസും ചേര്‍ന്ന് പിടികൂടി. പൊലിസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലിസ് കീഴ്‌പ്പെടുത്തിയത്.
ആലുവ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാല്‍കിലോ കഞ്ചാവുമായി കോതമംഗലം സ്വദേശി ആട്ടായം വീട്ടില്‍ ഷിഹാബുദീ (31)നെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. ഇയാള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഇന്‍ഡിക്ക കാറും കസ്റ്റഡിയിലെടുത്തു.
ഒന്നേകാല്‍ കിലോ കഞ്ചാവുമായി അടിമാലി സ്വദേശി മാനിക്കല്‍ വീട്ടില്‍ സദാം എന്ന് വിളിക്കുന്ന ക്രസന്റി(28)നെ വട്ടേക്കാട്ടുപടി മലമുറി പമ്പിന്റെ മുന്‍വശത്തു നിന്നും അറസ്റ്റുചെയ്തു. ഇയാളുടെ പക്കല്‍ നിന്നും ഒരു സ്‌കൂട്ടറും പിടിച്ചെടുത്തു. കഞ്ചാവ് സ്‌കൂട്ടറിന്റെ ടൂള്‍ ബോക്‌സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
മുടിക്കല്‍ സ്വദേശി പുല്യാടന്‍ വീട്ടില്‍ സക്കീര്‍ ഹുസൈനി(29)നെ വട്ടേക്കാട്ടുപടി ഷാപ്പിന്റെ പരിസരത്തുനിന്നും 1.100 കിലോഗ്രാം കഞ്ചാവുമായി പിടികൂടി. ഇയാള്‍ കഞ്ചാവ് മൊത്തകച്ചവടക്കാരനാണ്.
കഴിഞ്ഞദിവസം കളമശ്ശേരി, എറണാകുളം കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ മൂന്ന് കേസുകളിലായി ഓട്ടോറിക്ഷ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ കിട്ടിയ വിവരങ്ങളാണ് മൊത്തകച്ചവടക്കാരെ പിടികൂടാന്‍ സഹായിച്ചത്. കച്ചവടത്തിനായി ഇവര്‍ പല പേരുകളാണ് ഉപയോഗിക്കുന്നത്. കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഒസിബി പേപ്പര്‍ കണ്ടെടുത്തിട്ടുണ്ട്. ഇടപ്പളളിയിലെ ഒരു കടയില്‍ നിന്നും പാക്കറ്റിന് 50 രൂപ നിരക്കിലാണ് ഇവര്‍ ഈ പേപ്പര്‍ വാങ്ങുന്നത്.
ആലുവ കേന്ദ്രമാക്കി നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ.ജബ്ബാര്‍, പി.കെ.ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.ഡി.ജോസ്, സാജന്‍പോള്‍, സുനീഷ്‌കുമാര്‍, ഷിബു, സുരേഷ് ബാബു, ശശി, സുനില്‍കുമാര്‍,വിഭു, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ജീമോള്‍ എന്നിവര്‍ പങ്കെടുത്തു.
കൊച്ചി സിറ്റി പൊലിസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഡോക്ടര്‍ അരുള്‍ ആര്‍.ബി കൃഷ്ണയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ബാബുകുമാറിന്റെ നിര്‍ദേശ പ്രകാരം ഷാഡോ സബ് ഇന്‍സ്‌പെക്ടര്‍ നിത്യാനന്ദ പൈയുടെ നേതൃത്വത്തില്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ രഞ്ജിത്ത്, ശ്രീകാന്ത്, സാനുമോന്‍, വിശാല്‍, ഉണ്ണികൃഷ്ണന്‍, രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."