പാലപ്പിള്ളിയില്‍ പശുക്കള്‍ക്ക് നേരെ ആസിഡ് ആക്രമണം
.
.
പാലപ്പിള്ളി : പാലപ്പിള്ളിയില്‍ പശുക്കള്‍ക്ക് നേരെ ആസിഡ് ആക്രമണം തോട്ടം മേഖലയില്‍ അഴിച്ചുവിട്ടു വളര്‍ത്തുന്ന പശുക്കള്‍ക്ക് നേരെയാണ് ആസിഡ് ആക്രമണം നടന്നിരിക്കുന്നത്. രാവിലെ മേയാന്‍ പോയ ഇരുപതിലേറെ പശുക്കള്‍ക്കാണ് പൊള്ളലേറ്റത്.
ആസിഡ് വീണ് പശുക്കളുടെ ദേഹത്തുള്ള തൊലി അടര്‍ന്നു വീണ നിലയിലാണ്.ശരീരം പൊള്ളിയതോടെ പരാക്രമണത്തിലായ മാടുകള്‍ ഓടി നടക്കുന്ന ദയനീയ കാഴ്ച്ചയാണ് മേഖലയിലുള്ളത്.
കഴുത്തില്‍ കയറില്ലാത്തതുമൂലം ഭൂരിഭാഗം മാടുകള്‍ക്കും ചികിത്സ നല്‍കാനും കഴിയാത്ത അവസ്ഥയാണ്.
കൂട്ടംകൂടി നടക്കുന്ന മാടുകള്‍ക്ക് നേരെയാണ് ആസിഡ് ആക്രമണം നടന്നിരിക്കുന്നത്. തോട്ടങ്ങള്‍ക്ക് സമീപത്തുള്ള സ്ഥലങ്ങളിലേക്ക് തീറ്റതേടി ഇറങ്ങിയ പശുക്കളാണ് പൊള്ളലേറ്റവയില്‍ ഏറേയും. പാഡികളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികളാണ് പശുക്കളെ വളര്‍ത്തുന്നത്.
സ്ഥലപരിമിതി മൂലം റബര്‍ തോട്ടങ്ങളില്‍ അഴിച്ചുവിട്ടാണ് പശുക്കളെ വളര്‍ത്തുന്നത്. രാവിലെ മേയാന്‍ പോയ പശുക്കള്‍ വൈകിട്ടോടെയാണ് തിരിച്ചെത്താറുള്ളത്.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പശുക്കളുടെ കൂട്ടക്കരച്ചില്‍കേട്ട തൊഴിലാളികളാണ് ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയില്‍ പശുക്കളെ കണ്ടത്.
ഗര്‍ഭിണികളായ പശുക്കള്‍ക്കും പൊള്ളലേറ്റിട്ടുണ്ടെന്ന് ഉടമകള്‍ അറിയിച്ചു.പുലിക്കണ്ണി, നടാംപാടം പ്രദേശത്ത് മേയാന്‍ പോയ പശുക്കള്‍ക്കാണ് കൂടുതലായും പൊള്ളലേറ്റത്.ഈ ഭാഗങ്ങളിലുള്ള സ്വകാര്യ വ്യക്തികളുടെ പറമ്പുകളില്‍ തീറ്റതേടി ഇറങ്ങിയ പശുക്കള്‍ക്കാണ് പൊള്ളലേറ്റതെന്ന് പറയുന്നു. നാടന്‍ ഇനത്തില്‍ തന്നെ അത്യപൂര്‍വങ്ങളായ പശുക്കളാണ് മേഖലയിലുള്ളതെന്ന് മൃഗാശുപത്രി ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇത്തരം മാടുകള്‍ക്ക് നേരെ നടന്ന അതിക്രൂരമായ പ്രവര്‍ത്തി ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് പ്രദേശവവാസികള്‍ പറഞ്ഞു.
മിണ്ടാപ്രാണികള്‍ക്കു നേരെയുള്ള ആസിഡ് ആക്രമണത്തില്‍ വ്യാപക പ്രതിഷേധമാണ് മേഖലയില്‍ ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."