പകരം മന്ത്രി: ചര്‍ച്ച കോഴിക്കോട് കേന്ദ്രീകരിച്ചും
കോഴിക്കോട്: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്ന് പുതിയ മന്ത്രിയെ കുറിച്ച് കോഴിക്കോട് കേന്ദ്രീകരിച്ചും ചര്‍ച്ച. ഇപ്പോള്‍ അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സയിലുള്ള മന്ത്രി ടി.പി രാമകൃഷ്ണന് പകരം കോഴിക്കോട് നിന്നുള്ള എം.എല്‍.എമാരായ എ. പ്രദീപ് കുമാറിനെയോ, വി.കെ.സി മമ്മദ് കോയയെയോ മന്ത്രിയാക്കാനുള്ള സാധ്യതയെ ചൊല്ലി സി.പി.എമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയപ്പോഴാണ് എ.കെ ശശീന്ദ്രന്റെ അപ്രതീക്ഷിത രാജിയുണ്ടായിരിക്കുന്നത്.
ചികിത്സയിലുള്ള ടി.പി കൈകാര്യം ചെയ്്തിരുന്ന എക്‌സൈസ് വകുപ്പിന്റെ ചുമതല ഇപ്പോള്‍ മന്ത്രി ജി. സുധാകരനാണ്. ടി.പിക്ക് പുറമെ കോഴിക്കോട് ജില്ലയില്‍ നിന്നു പിണറായി മന്ത്രിസഭയിലെ ഏക മന്ത്രിയായിരുന്നു എന്‍.സി.പി ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം കൂടിയായ എ.കെ ശശീന്ദ്രന്‍. യുവതിയോടു ഫോണില്‍ അശ്ലീല ചുവയോടെ സംസാരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. പകരം മന്ത്രിസ്ഥാനത്തേക്ക് എന്‍.സി.പിയുടെ മറ്റൊരു എം.എല്‍.എയായ കുട്ടനാട്ടില്‍ നിന്നുള്ള തോമസ് ചാണ്ടിയെയാണ് പരിഗണിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ സി.പി.എമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
കേന്ദ്ര നേതൃത്വത്തിന് തോമസ് ചാണ്ടിയെ പെട്ടെന്ന് മന്ത്രിസഭയിലെടുക്കുന്നതിനോടു യോജിപ്പില്ല. അതിനാല്‍ തല്‍ക്കാലം വകുപ്പ് സി.പി.എം ഏറ്റെടുക്കാനാണ് സാധ്യത. അതേസമയം ടി.പി രാമകൃഷ്ണന് വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം.
ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തെ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റെവിടേക്കെങ്കിലും മാറ്റിയാലോ എന്നും സി.പി.എം ആലോചിക്കുന്നുണ്ട്. ഇങ്ങനെ വന്നാല്‍ ടി.പിക്ക് കുറച്ചുകാലം കൂടി മന്ത്രിയുടെ ചുമതലകളില്‍ നിന്നു മാറിനില്‍ക്കേണ്ടിവരും.
ഇങ്ങനെ വന്നാല്‍ അത്രയുംകാലം കോഴിക്കോടിന് മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകില്ല. ഈ സാഹചര്യത്തിലാണ് പ്രദീപ് കുമാറിനെയോ വി.കെ.സിയെയോ മന്ത്രിയാക്കിയാലോ എന്ന ചിന്ത പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ സജീവമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."