നിപാ ബോധവല്‍ക്കരണം: സര്‍വകക്ഷി യോഗം ചേര്‍ന്നു; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്
എടച്ചേരി: പഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യ ഉപകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ എടച്ചേരിയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. നിപാ വൈറസ് പടരുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. അന്യസംസ്ഥാന ജോലിക്കാര്‍ കൂടുതല്‍ താമസിക്കുന്ന ടൗണിലെ മുറികള്‍ പരിശോധനക്ക് വിധേയമാക്കും. മത്സ്യ മാര്‍ക്കറ്റ്, ഇറച്ചിക്കട ടൗണുകളില്‍ കച്ചവടം നടത്തുന്ന മുഴുവന്‍ കച്ചവടക്കാരും പരിസരത്ത് പരിപൂര്‍ണ ശുചിത്വം ഉറപ്പുവരുത്തണമെന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ജീവനക്കാരും അറിയിച്ചു.
വൃത്തിഹീനമായി കിടക്കുന്ന പരിസരങ്ങള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് വേണ്ട നടപടികളെടുക്കും. നിപാ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ വ്യക്തമാക്കുന്ന ലഘുലേഖകള്‍ എല്ലാ വീടുകളിലും വിതരണം ചെയ്യും.എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷിഞ്ചു അപാല ആരോഗ്യ ബോധവല്‍ക്കരണം നടത്തി. നിപാ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി വി.പി സജീവന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി, വാര്‍ഡ് മെംബര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ പങ്കെടുത്തു.
കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തില്‍ ശുചിത്വ ഹര്‍ത്താല്‍ നടത്തി. ജനപ്രതിനിധികളുടേയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ നടന്ന ശുചീകരണ പരിപാടി പഞ്ചായത്തിലെ 16 വാര്‍ഡുകളിലും നടന്നു. കുടുംബശ്രീ, അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍ ശുചീകരണത്തില്‍ പങ്കാളികളായി. വീടുകള്‍ കേന്ദ്രീകരിച്ചും ശുചീകരണം നടന്നു. തൊട്ടില്‍പ്പാലം ടൗണില്‍ ഉച്ചവരെ കടകളടച്ചാണ് വ്യാപാരികള്‍ ശുചീകരണ പ്രവൃത്തിയില്‍ പങ്കെടുത്തത്. വാര്‍ഡുകളില്‍ വാര്‍ഡ് മെംബര്‍മാര്‍, കണ്‍വീനര്‍മാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."