വര്‍ണവിവേചനത്തിനെതിരെ പോരാടിയ ദക്ഷിണാഫ്രിക്കന്‍ നേതാവ് അഹമ്മദ് കത്രാദ അന്തരിച്ചു
കേപ് ടൗണ്‍: വര്‍ണവിവേചനത്തിനെതിരെ പോരാടി ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രീയ നേതാവ്
അഹമ്മദ് കത്രാദ അന്തരിച്ചു. 87 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ജോഹന്നാസ് ബര്‍ഗിലാണ് അന്ത്യം.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഈ മാസാദ്യം മുതല്‍ കത്രാദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1929 ആഗസ്റ്റ് 21ന് ട്രാന്‍സ്‌വാളിനടുത്ത ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു കാത്തി എന്നറിയപ്പെട്ടിരുന്ന അഹമ്മദ് കത്രാദയുടെ ജനനം. ഗുജറാത്തിലെ സൂറത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുമ്പ് ദക്ഷിണാഫ്രിക്കയിലേക്കു കുടിയേറിയ ഒരു മുസ്‌ലിം കുടുംബത്തിലെ ആറു മക്കളില്‍ നാലാമനായിരുന്നു കാത്തി.
വര്‍ണവിവേചനം നിറഞ്ഞ നിയമങ്ങള്‍ മൂലം വിദ്യാഭ്യാസം ഏറെ പ്രയാസകരമായി ത്തീര്‍ന്നു കാത്തിക്ക്. സ്വന്തം ഗ്രാമത്തിലെ സ്‌കൂളുകളില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് അടുത്ത നഗരമായ ജോഹന്നാസ് ബര്‍ഗിലായിരുന്നു പഠനം. പഠന കാലത്ത് ട്രാന്‍സ്വാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്സില്‍ അഹമ്മദ് ആകൃഷ്ടനായി. 12 ാമത്തെ വയസ്സില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കിറങ്ങി. യങ് കമ്മ്യൂണിസ്റ്റ് ലീഗിലാണ് ആദ്യം അംഗമായി ചേരുന്നത്. ലഘുലേഖകള്‍ കൈമാറുക, ചെറിയ രീതിയിലുള്ള സന്നദ്ധപ്രവര്‍ത്തനം എന്നിവയായിരുന്നു ആദ്യകാലഘട്ടത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനം. രണ്ടാം ലോകമഹായുദ്ധ കാലത്ത് യൂറോപ്യന്‍ യൂണിയനെതിരേ ദക്ഷിണാഫ്രിക്കയില്‍ നടന്ന യുദ്ധവിരുദ്ധ പോരാട്ടത്തില്‍ പങ്കാളിയായി.
പതിനേഴാമത്തെ വയസ്സില്‍ വിദ്യാഭ്യാസമുപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്കിറങ്ങി. ഏഷ്യാറ്റിക്ക് ലാന്റ് ടെന്യൂര്‍ ആന്റ് ഇന്ത്യന്‍ റെപ്രസന്റേഷന്‍ ആക്ട് നടപ്പിലാക്കുന്നതിനെതിരേയുള്ള സമരത്തിലാണ് കാത്തി ആദ്യമായി പങ്കെടുക്കുന്നത്. ഇന്ത്യന്‍ വംശജര്‍ക്ക് പരിമിതമായ അധികാരങ്ങള്‍ മാത്രം നല്‍കുന്നതും, അവര്‍ എവിടെ താമസിക്കണം എന്നുമൊക്കെ തീരുമാനിക്കുന്ന നിയമമായിരുന്നു അത്
1950കളില്‍ അഹമ്മദ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതാക്കളായ നെല്‍സണ്‍ മണ്ടേല, വാള്‍ട്ടര്‍ സിസുലു തുടങ്ങിയവരുമായി കൂടിച്ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ട്രീസണ്‍ വിചാരണയില്‍പ്പെട്ട് ശിക്ഷ അനുഭവിക്കേണ്ടി വന്ന 156 പേരില്‍ ഒരാളായിരുന്നു അഹമ്മദ് കത്രാദ. 1956 മുതല്‍ 1961 വരെ ജയില്‍ ശിക്ഷ അനുഭവിച്ചുവെങ്കിലും, പിന്നീട് ഇവര്‍ കുറ്റക്കാരല്ലെന്നു കണ്ട് കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു.
ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെയാണ് വര്‍ണ്ണവിവേചനത്തിനെതിരായ സമര രംഗത്തേക്കിറങ്ങുന്നത്. കുപ്രസിദ്ധമായ റിവോണ വിചാരണയിലൂടെ ശിക്ഷിക്കപ്പെട്ട് റോബന്‍ ദ്വീപിലുള്ള പോള്‍സ്‌മോര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞു. 1990 ല്‍ ജയില്‍ മോചിതനായി. 26 വര്‍ഷവും, മൂന്നു മാസവുമാണ് അഹമ്മദ് ജയില്‍ ശിക്ഷ അനുഭവിച്ചത്.
ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പാര്‍ലമെന്റംഗമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."