വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയില്‍ ഗതാഗതം ദുഷ്‌കരമായി
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണം സ്തംഭനാവസ്ഥയിലായതിനു പിന്നാലെ നിലവിലുള്ള റോഡ് കുഴികള്‍ നിറഞ്ഞ് വാഹനഗതാഗതം ദുഷ്‌ക്കരമായി. ഏതാനും ദിവസം മുമ്പ് മാത്രം അടച്ച കുഴികളെല്ലാം മഴ ശക്തമായതോടെ വാതുറന്നു.
വടക്കഞ്ചേരി മുതല്‍ പട്ടിക്കാട് വരെയുള്ള ഇരുപതു കിലോമീറ്ററോളം ദൂരം ഇപ്പോള്‍ വന്‍കുഴികളാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് വെള്ളം നിറഞ്ഞുകിടക്കുന്ന കുഴികളില്‍ കരാര്‍ കമ്പനി ഓട്ടയടയ്ക്കല്‍ പ്രഹസനം നടത്തിയത്. മുഴുവന്‍ കുഴികളും അടച്ചുതീരും മുമ്പേ ആദ്യം അടച്ച കുഴികള്‍ തകരുകയായിരുന്നു.
മുന്‍വര്‍ഷങ്ങളിലേതുപോലെ ഈ മഴക്കാലവും കുതിരാന്‍ യാത്ര കഠിനമാകും. കുഴിയില്‍ചാടി ചരക്കുലോറികളാണ് ഇടയ്ക്കിടെ വഴിയില്‍ നില്‍ക്കുന്നത്. ഇതുമൂലം മണിക്കൂറുകളോളം നീളുന്ന ഗതാഗതകുരുക്കും ഉണ്ടാകുന്നുണ്ട്. രാത്രികാലങ്ങളില്‍ കുതിരാനിലൂടെയുള്ള യാത്ര ഒഴിവാക്കുകയാണ് പലരും.
ആലത്തൂരില്‍ നിന്നു തന്നെ കാവശേരി-പഴയന്നൂര്‍-ചേലക്കര, വടക്കഞ്ചേരി വഴിയാണ് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങള്‍ പോകുന്നത്. വാഹനങ്ങള്‍ തിരിച്ചുവിട്ടും കുരുക്ക് അഴിച്ചും ഹൈവേ പൊലിസുകാര്‍ക്ക് ജോലിഭാരം ഏറുകയാണ്. കുരുക്കില്‍ നിന്നും രക്ഷപ്പെട്ട് പിന്നെ അമിതവേഗതയിലാണ് സ്വകാര്യബസുകള്‍ പായുന്നത്. സമയക്രമം പാലിക്കാനാകാതെ വഴിയിലാണ് കലികയറുന്നത്. എം.പിമാരും എം.എല്‍.എമാരും സംസ്ഥാന സര്‍ക്കാരുമൊക്കെ ആറുവരിപ്പാത നിര്‍മാണത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് ആവശ്യം.
അതല്ലെങ്കില്‍ ദേശീയപാത കുരുതിക്കളമായി മാറും. കരാര്‍കമ്പനി തോന്നും മട്ടിലാണ് റോഡുവികസനം നടത്തുന്നതെന്ന ആക്ഷേപവും ശക്തമാണ്. തേനിടുക്ക് എരേരത്ത് കുളത്ത് മഴവവെള്ളം ഒഴുകിപോകാന്‍ ഓവുസ്ഥാപിക്കാതെ റോഡുനിര്‍മിച്ച് മഴ പെയ്തതോടെ റോഡില്‍ നാലടിയോളം വെള്ളം പൊങ്ങി. പിന്നീട് റോഡ് വെട്ടിപ്പൊളിച്ചാണ് വെള്ളം ഒഴുക്കിക്കളഞ്ഞത്.
അത്യാവശ്യം വേണ്ടിടത്തുപോലും സര്‍വിസ് റോഡ് നിര്‍മിക്കാതെയുള്ള റോഡു വികസനത്തിനെതിരേ പന്തലാംപാടത്തും ചുവട്ടുപാടത്തും പന്നിയങ്കരയിലും മേരിഗിരിയിലുമൊക്കെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. വാഹനങ്ങള്‍ നിരയായി പോകുന്ന ദേശീയപാതയിലേക്കാണ് കുഴികളിലെ വെള്ളം കരാര്‍ കമ്പനി പമ്പു ചെയ്തുവിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."