തൊഴിലുറപ്പു പദ്ധതി: കേരളത്തിനുള്ള കുടിശിക ഉടന്‍ അനുവദിക്കും
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതി പ്രകാരം വേതനം നല്‍കാന്‍ കുടിശികയുള്ള 725 കോടി രൂപ കേരളത്തിന് ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അടുത്തമാസം ആദ്യവാരം ഈ തുക ലഭ്യമാക്കുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തോമര്‍ സംസ്ഥാന തദ്ദേശ സ്വയംഭരണമന്ത്രി ഡോ. കെ.ടി ജലീലിനെ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ വിനിയോഗിക്കുന്ന മുഴുവന്‍ തുകയും തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് ഇലക്ട്രോണിക് സംവിധാനത്തിലൂടെ കൈമാറുന്നതിലും സ്ത്രീ തൊഴില്‍ പങ്കാളിത്തത്തിലും കേരളം മുന്നിലാണ്. കേരളത്തിന്റെ മികവ് പരിഗണിച്ച് അടുത്ത വര്‍ഷത്തേക്കുള്ള തൊഴില്‍ ബജറ്റില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ക്കുള്ള അനുമതി നല്‍കണം. സംസ്ഥാനത്തിന് മാത്രമായുള്ള കമ്പ്യൂട്ടര്‍ സെര്‍വര്‍ സംവിധാനമൊരുക്കാനും ജലീല്‍ കേന്ദ്രമന്ത്രിയോട് അഭ്യര്‍ഥിച്ചു.
ഗ്രാമീണ ഭവന നിര്‍മാണ പദ്ധതി (പി.എം.എ.വൈ) യില്‍ അര്‍ഹതയുള്ളവര്‍ക്ക് വീട് നല്‍കുന്നതിന് നിലവിലുള്ള വ്യവസ്ഥകള്‍ തടസം സൃഷ്ടിക്കുന്നുണ്ട്. ഈ വര്‍ഷം പദ്ധതി പ്രകാരം 32,559 പേര്‍ക്ക് കേന്ദ്രാനുമതി നല്‍കിയപ്പോള്‍ 2011 ല്‍ നടത്തിയ സാമൂഹ്യ സാമ്പത്തിക സെന്‍സസ് പ്രകാരം അര്‍ഹതയുള്ളവര്‍ 29,510 പേര്‍ മാത്രമാണ്. ഇതുകാരണം അര്‍ഹതയുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗമുള്‍പ്പെടെയുള്ള നിരവധിപേര്‍ക്ക് സഹായം നഷടപ്പെടും. ഇതൊഴിവാക്കാന്‍ സെന്‍സസ് പട്ടിക പരിഷ്‌കരിക്കുന്നതിനോ പട്ടികയ്ക്ക് പുറത്ത് നിന്ന് അര്‍ഹതയുള്ളവരെ ഉള്‍പ്പെടുത്തി ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കുന്നതിനോ അനുവാദം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."