പശുക്കളെ ആസിഡൊഴിച്ച് പൊള്ളിച്ച സംഭവം: മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി
പാലപ്പിള്ളി: തോട്ടങ്ങളില്‍ ആസിഡ് ഒഴിച്ച് പൊള്ളലേറ്റ പശുക്കളെ പരിശോധിക്കാനായി ഉദ്യോഗസ്ഥരെത്തി . എസ്.പി.സി.എ, മൃഗസംരക്ഷണ വകുപ്പ് അധികൃതരാണ് സ്ഥലത്തെത്തിയത്.
പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി എഗയ്ന്‍സ്റ്റ് അനിമല്‍സ് സൊസൈറ്റി ജില്ലാ ഇന്‍സ്‌പെക്ടര്‍ അനില്‍, മൃഗസംരക്ഷണ വകുപ്പ് ഫീല്‍ഡ് ഓഫീസര്‍ പ്രദീപ്കുമാര്‍ എന്നിവരാണു പരിശോധനക്കെത്തിയത്. പശുക്കള്‍ക്കു ഒരാഴ്ച മുന്‍പേ പൊള്ളലേറ്റിട്ടുണ്ടെന്നും മുറിവുകള്‍ പഴുത്തു ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
പാലപ്പിള്ളി തോട്ടം പാഡികളില്‍ താമസിക്കുന്ന അസ്‌കര്‍, മുഹമ്മദാലി എന്നിവരുടെ പശുക്കളെയാണു മരുന്നുവെച്ചു ശുശ്രൂഷ നല്‍കിയത്. ഇവരുടെ 12 പശുക്കളില്‍ ആറെണ്ണത്തിനു പൊള്ളലേറ്റിട്ടുണ്ടെന്നു ഉടമകള്‍ പറഞ്ഞു. തോട്ടങ്ങളില്‍ രാപ്പകലില്ലാതെ അലയുന്നതാണു പശുക്കളെ കണ്ടെത്തി മരുന്നുവെക്കാന്‍ കഴിയാത്തതിനു കാരണമെന്നു എസ്.പി.സി.എ ഇന്‍സ്‌പെക്ടര്‍ അനില്‍ പറഞ്ഞു. പശുക്കള്‍ക്കു പൊള്ളലേറ്റു ഒരാഴ്ചയിലേറെയായിട്ടും ഉടമകള്‍ മൃഗാശുപത്രിയുമായോ മൃഗസംരക്ഷണ വകുപ്പുമായോ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ആവശ്യമായ മരുന്നുകള്‍ ഉടമകളെ ഏല്‍പിക്കുകയും അവ പ്രയോഗിക്കുന്നതിനു പരിശീലനം നല്‍കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പൊള്ളിയടര്‍ന്ന പശുക്കളുടെ ദേഹത്തെ തൊലി മുറിച്ചുമാറ്റി മരുന്നു വെച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ആന്റിബയോട്ടിക്ക് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തില്‍ ഉടമകള്‍ പരാതി നല്‍കിയിരുന്നില്ല. പത്രവാര്‍ത്തയറിഞ്ഞാണു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. പശുക്കളുടെ ദേഹത്തു ആസിഡ് ഒഴിച്ചവരെക്കുറിച്ചു സൂചനയില്ലെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."