തൃക്കരിപ്പൂര്‍: ഹരിത പഞ്ചായത്ത് പദ്ധതിക്ക് ഊന്നല്‍
തൃക്കരിപ്പൂര്‍: ഹരിത പഞ്ചായത്ത് പദ്ധതി, മൃഗ സംരക്ഷണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി 13,47,13,980 രൂപ വരവും 12,94,37,250 രൂപ ചെലവും 52,76,730 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് എന്‍. സുകുമാരന്‍ അവതരിപ്പിച്ചു. തരിശുരഹിത പഞ്ചായത്ത്, ഓരോ വീട്ടുവളപ്പിലും ഒരു പച്ചക്കറി തോട്ടം, സുരക്ഷിത പച്ചക്കറിക്കായി സമഗ്ര ജൈവ പച്ചക്കറി വികസന പദ്ധതി, നടക്കാവില്‍ ആഴ്ച്ച ചന്ത, വിദ്യാലയങ്ങളില്‍ ജൈവ ഉദ്യാനം, അങ്കണവാടികളില്‍ ജൈവ ഉദ്യാനം, കണ്ടല്‍ക്കാട് സംരക്ഷണവും നട്ടുപിടിപ്പിക്കലും, ജല സ്രോതസുകളുടെ സരക്ഷണം, വഴിയോരങ്ങളില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍ തുടങ്ങിയവയാണ് ഹരിത പഞ്ചായത്ത് പദ്ധതി. ഇതിനായി 39.5 ലക്ഷം രൂപ വകയിരുത്തി.
ഉടുമ്പുന്തല ഐ.സി.ഡി.പി സെന്ററിന് കെട്ടിടം, തൃക്കരിപ്പൂര്‍ മൃഗാശുപത്രി കെട്ടിടം പ്രവൃത്തി പൂര്‍ത്തീകരിക്കല്‍, കാലിത്തീറ്റ വിതരണം, കന്നുകുട്ടികള്‍ക്ക് മരുന്നുവിതരണം, തൊഴുത്ത് നിര്‍മാണത്തിനും തീറ്റപുല്ല് വളര്‍ത്താനും ധനസഹായം, കിടാരി വളര്‍ത്തല്‍ തുടങ്ങിയവയാണ് മൃഗസംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഇതിനായി 24 ലക്ഷം രൂപ വകയിരുത്തി. മണ്ണ് ജലം സംരക്ഷണം അഞ്ചു ലക്ഷം, മാലിന്യസംസ്‌കരണം 10 ലക്ഷം, പാര്‍പ്പിടം പദ്ധതിയില്‍ വീട് പുതുക്കിപ്പണിയാന്‍ 17 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷന്മാരായ വി.കെ ബാവ, എ.ജി സറീന, കെ റീത്ത, അംഗങ്ങളായ സത്താര്‍ വടക്കുമ്പാട്, തമ്പാന്‍ നായര്‍, പി കുഞ്ഞമ്പു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."