കാഞ്ഞങ്ങാട് നഗരസഭ: അടിസ്ഥാന പദ്ധതികള്‍ക്ക് മുന്‍ഗണന
കാഞ്ഞങ്ങാട്: കാര്‍ഷികം, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, ഭവനം എന്നിവക്ക് മുന്‍ഗണന നല്‍കി കാഞ്ഞങ്ങാട് നഗരസഭയുടെ 2017-2018 ബജറ്റ് വൈസ് ചെയര്‍പേഴ്‌സന്‍ എല്‍. സുലൈഖ അവതരിപ്പിച്ചു. നീക്കിയിരിപ്പ് ഉള്‍പ്പടെ 48,75,38,041 രൂപ വരവും 40,58,03,840 രൂപ ചെലവും 8,17,34,201 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2016-17 വര്‍ഷത്തെ പുതുക്കിയ ബജറ്റും മുന്‍ നീക്കിയിരിപ്പ് ഉള്‍പ്പടെ 88,37,34,241 രൂപ വരവും 80,40,85,740 രൂപ ചെലവും 7,96,48,501 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2017-18 വര്‍ഷത്തെ മതിപ്പ് ബജറ്റുമാണ് അവതരിപ്പിച്ചത്.
കൗണ്‍സില്‍ യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷനായി.
ബജറ്റിലെ പ്രധാന ഇനങ്ങള്‍
ബജറ്റിന്റെ 20 ശതമാനം കാര്‍ഷിക മേഖലക്ക് വേണ്ടി മാറ്റിവയ്ക്കുമെന്നാണ് പ്രഖ്യാപനം. ഇത് ഏകദേശം 17 കോടിയോളം രൂപയാണ്. ജൈവ കൃഷികള്‍ പ്രോത്സാപ്പിക്കല്‍, തരിശിട്ട പാടങ്ങളെ കൃഷിയോഗ്യമാക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവയില്‍ പെടും. വിദ്യാഭ്യാസ മേഖലക്ക് മൂന്നുകോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. നഗരപരിധിയിലെ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യവും വിദ്യാഭ്യാസ മേഖലയിലുണ്ട്.
നഗരസഭാ പരിധിയില്‍ താമസിക്കുന്ന ജനങ്ങള്‍ അനുഭവിക്കുന്ന കടുത്ത കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിന് ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കുടിവെള്ള വിതരണത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തിയാക്കി കമ്മിഷന്‍ ചെയ്യാനുള്ള നടപടികള്‍ ഉണ്ടാക്കും.
സര്‍ക്കാര്‍ ആശുപത്രിയില്‍ ഏതു ഡോക്ടറെ രോഗികള്‍ക്ക് കാണണമെങ്കിലും വീട്ടില്‍നിന്ന് ഫോണ്‍ ചെയ്ത് ടോക്കണ്‍ ബുക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കും. സ്വകാര്യ ആശുപത്രികളില്‍ പ്രവാസി സംഘടനകളുടെ സഹായത്തോടെ ഡയാലിസ് സെന്ററുകള്‍ ആരംഭിക്കും.
വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന അലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തിയാക്കി അടുത്ത സാമ്പത്തിക വര്‍ഷം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. ഇതിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ വയറിങ് ജോലികള്‍ 1,01,00,000 രൂപക്ക് കരാര്‍ നല്‍കി.
നവീകരിച്ച കോട്ടച്ചേരിയിലെ മത്സ്യമാര്‍ക്കറ്റില്‍ അവശേഷിക്കുന്ന കാര്യങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. മത്സ്യമാര്‍ക്കറ്റിനോട് അനുബന്ധിച്ചുള്ള സ്വകാര്യസ്ഥലങ്ങള്‍ ഏറ്റെടുത്ത് മണ്ണിട്ട് നികത്തി മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കും. ഇതിനുവേണ്ടി വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉള്‍പ്പെടെ സ്ഥാപിക്കും.
ഹൊസ്ദുര്‍ഗ് കോട്ടയ്ക്കകത്തെ മിനിസ്റ്റേഡിയം ഫ്‌ളെഡ്‌ലൈറ്റ്, സിന്തറ്റിക് ട്രാക് സൗകര്യങ്ങളോടെ നവീകരിക്കും. നമ്പ്യാര്‍ക്കാല്‍ റിവര്‍വ്യൂ പാര്‍ക്ക്, ടൗണ്‍ സ്‌ക്വയര്‍ എന്നിവ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും. അരയി തീരത്ത് മിനി പാര്‍ക്കും തീരദേശത്ത് തീരദേശ പാര്‍ക്കും സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."