മദ്‌റസാ അധ്യാപകന്റെ കൊലപാതകം; ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ഇന്ന് തിരിച്ചറിയല്‍ പരേഡ്
കാസര്‍കോട്: പഴയ ചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസാ അധ്യാപകന്‍ കെ.എസ് മുഹമ്മദ് റിയാസ് മുസ്‌ലിയാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ഇന്ന് തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും.
പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കാന്‍ കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. കേസന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തലവന്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ ശ്രീനിവാസന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി തിരിച്ചറിയല്‍ പരേഡിന് അനുമതി നല്‍കിയത്. പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചായിരിക്കും തിരിച്ചറിയല്‍ പരേഡ് നടത്തുക. ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റി(രണ്ട് )നാണ് തിരിച്ചറിയല്‍ പരേഡ് നടത്താനുള്ള ചുമതല.
മുഹമ്മദ് റിയാസിനെ പള്ളിയില്‍ കയറി കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുഡ്‌ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ്. അജേഷ് എന്ന അപ്പു, എസ്. നിതിന്‍ റാവു, സണ്ണ കുഡ്‌ലുവിലെ അഖിലേഷ് എന്നിവരെയാണ് തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കുക. കൊല നടന്ന സ്ഥലത്ത് വച്ച് പ്രതികളെ കണ്ട പള്ളി ഖത്തീബ് അബ്ദുല്‍ അസീസ് വഹബി, പ്രതികള്‍ പള്ളിപ്പരിസരത്ത് കൂടി നടന്നു പോവുന്നത് കണ്ടവര്‍ എന്നിവരാണ് തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുക്കുക.
തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമേ ഗൂഢാലോചനയടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം മുന്നോട്ട് പോവുകയുള്ളൂവെന്ന് പൊലിസ് പറഞ്ഞു.
പ്രതികളെ സഹായിച്ചവരെകുറിച്ചും അന്വേഷണം
കാസര്‍കോട്: മദ്‌റസാ അധ്യാപകനെ പള്ളിയില്‍ കയറി കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആര്‍.എസ്.എസുകാരെ സഹായിച്ചവരെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നു. പ്രതികള്‍ കൊലപാതകം നടത്തിയതിനു ശേഷം ഒളിവില്‍ കഴിഞ്ഞ സ്ഥലത്ത് നിന്ന് പൊലിസ് ബാക്കിവന്ന ഭക്ഷണവും മറ്റും കണ്ടെത്തിയിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് ഈ രീതിയിലുള്ള അന്വേഷണം നടക്കുന്നത്. ഒളിവില്‍ കഴിയുമ്പോള്‍ ഇവര്‍ക്ക് ആരെങ്കിലും സഹായം ചെയ്തിട്ടുണ്ടെങ്കില്‍ അവരും കേസില്‍ പ്രതി ചേര്‍ക്കപ്പെടും.
മുഹമ്മദ് റിയാസ് മുസ്‌ലിയാരെ കൊലപ്പെടുത്തിയ പ്രതികളെ പിടികൂടിയ സ്ഥലത്തിന് കുറച്ചകലെ വച്ച് രണ്ട് ദിവസം മുന്‍പ് പൊലിസ് ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു.
ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊലപാതകം നടത്താനെത്തിയ പ്രതികള്‍ക്ക് ആയുധവുമായി ഒരു സംഘം കാവലിരുന്നുവോയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
സൗഹൃദാന്തരീക്ഷത്തിനായ്
സമൂഹം ജാഗ്രത പുലര്‍ത്തണം:
എസ്.കെ.എസ്.ബി.വി
ചേളാരി: മദ്‌റസാ അധ്യാപകനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അപലപനീയമാണെന്നും സമൂഹമനസ്സാക്ഷിയെ വേദനിപ്പിക്കുന്നതാണെന്നും സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം അഭിപ്രായപ്പെട്ടു. കൊലപാതകത്തിന്റെ യഥാര്‍ഥ ഉത്തരവാദികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത കാട്ടണമെന്നും കൊലപാതകത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹം നാടിന്റെ സൗഹൃദാന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തണമന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് അസീല്‍അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. എസ്.കെ.ജെ.എം.സി.സി. മാനേജര്‍ എം.എ ചേളാരി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ ഖാസിമി, ശഫീഖ് മണ്ണഞ്ചേരി, മനാഫ് കോട്ടോപാടം, റബീഉദ്ദീന്‍ വെന്നിയൂര്‍, അംജിദ് തിരൂര്‍ക്കാട്, മുഹമ്മദ് മുനാഫര്‍, മുഹമ്മദ് അസ്‌ലഹ്, മുഹ്‌സിന്‍, ആബിദലി, സുഹൈല്‍, സ്വാലിഹ് സംസാരിച്ചു.
റിയാസ് മൗലവിയുടെ കുടുംബത്തിന്
മുസ്ലിം ലീഗ് വീട് നിര്‍മിച്ചു നല്‍കും
കാസര്‍കോട്: ചൂരിയില്‍ കൊല്ലപ്പെട്ട മദ്‌റസാ അധ്യാപകന്‍ റിയാസ് മൗലവിയുടെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കാന്‍ മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത റിയാസ് മൗലവിയുടെ സ്വദേശമായ കുടക് കൊട്ടുംപടി ആസാദ് നഗറിലാണ് മുസ്്‌ലിം ലീഗ് സ്ഥലം വാങ്ങി വീട് വച്ച് നല്‍കുന്നത്.
മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മൗലവിയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായും ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വീടും സ്ഥലവും നല്‍കാന്‍ തീരുമാനമായത്.
എം.സി ഖമറുദ്ദീന്‍,എ. അബ്ദുല്‍ റഹ്്മാന്‍, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, കെ.എം ഷംസുദ്ദീന്‍ ഹാജി, കെ.ഇ.എ ബക്കര്‍, എം. അബ്ദുല്ല മുഗു, എ.എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, ഹാരിസ് ചൂരി, ടി.എം ഇഖ്ബാല്‍, സി ബി അബ്ദുല്ല ഹാജി, ബി.കെ അബ്ദുസമദ്, എം.എച്ച് മുഹമ്മദ് കുഞ്ഞി, പി.ഡി.എ റഹ്്മാന്‍, മുഹമ്മദ് കുഞ്ഞി കടവത്ത്, ഹാരിസ് തൊട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
'അന്വേഷണം ശക്തിപ്പെടുത്തണം'
മലപ്പുറം: റിയാസ് മൗലവിയുടെ കൊലപാതകത്തെപ്പറ്റിയുള്ള അന്വേഷണം ഊര്‍ജിതമാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ. പൂക്കുഞ്ഞും, സംസ്ഥാന സെക്രട്ടറി പി.എച്ച് ഫൈസലും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കൊലപാതകികളെ സംരക്ഷിക്കുന്നത് കൊലപാതകത്തിന് തുല്യമാണെന്നും എത്രയും വേഗത്തില്‍ കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പു വരുത്തണമെ ന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.
ഗൂഢാലോചന പുറത്ത് കൊണ്ട് വരണം: പി.ഡി.പി
കോഴിക്കോട്: റിയാസ് മൗലവിയുടെ കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും പുറത്ത് കൊണ്ട് വരുവാന്‍ ആഭ്യന്തര വകുപ്പ് തയാറാകണമെന്ന് പി.ഡി.പി ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമം ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ സംഘ്പരിവാര്‍ നേതാക്കളുടെ പങ്ക് അന്വേഷിക്കുകയും യു. എ. പി. എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുകയും വേണം. സംസ്ഥാനത്ത് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ ആയുധപരിശീലനം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്.
ഇവയും അന്വേഷണ പരിധിയില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."