സുലൈമാനെ കാണാതായിട്ട് ഇന്നേക്ക് 3 വര്‍ഷം ; അനാഥരായി മൂന്ന് പെണ്‍മക്കളും ഭാര്യയും
മീനങ്ങാടി: മൈസൂര്‍ കുടനഹള്ളിയില്‍ ഇഞ്ചിപ്പണിക്കായി പോയ മൈലമ്പാടി പുത്തന്‍ പുരക്കല്‍ സുലൈമാനെ കാണാതായിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. സുലൈമാന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മൈസൂര്‍ പൊലിസ് അന്വേഷണമാരംഭിച്ചെങ്കിലും പാതിവഴിയില്‍ അവസാനിപ്പിച്ച സ്ഥിതിയാണ്. 22-07-2013ന് മൈലമ്പാടി ഒതയോത്ത് വീട്ടില്‍ ബാലകൃഷ്ണന്റെ കൃഷിയിടമായ മൈസൂര്‍ കുടനഹള്ളി തേജസ് ഫാമില്‍ കൂലിപ്പണിക്കായി ബാലകൃഷ്ണനോടൊപ്പം പോയ സുലൈമാന്‍ പിന്നെ തിരിച്ച് വന്നിട്ടില്ല.
നാട്ടില്‍ നിന്നും സുലൈമാന്‍ പോയതിന് ശേഷം ഒരാഴ്ച്ച കഴിഞ്ഞ് 30-07-2013ന് പണിസ്ഥലത്ത് വെച്ച് സുലൈമാനെ കാണാതായതായി ബാലകൃഷ്ണന്‍ വിളിച്ചറിയിച്ചിരുന്നു. കാണാതായ വിവരത്തെ തുടര്‍ന്ന് ബന്ധുക്കള്‍ മൈസൂരില്‍ പോയി അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. 01-08-2013ന് മൈസൂര്‍ പൊലിസ് സൂപ്രണ്ടിന് പരാതി നല്‍കി. 05-08-2013ന് പൊലിസ് ലുക്ക്ഔട്ട് നോട്ടിസ് പതിപ്പിച്ച് അന്വേഷണമാരംഭിച്ചെങ്കിലും പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.
ഭാര്യയും മൂന്ന് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ സുലൈമാനെ കണ്ടെത്തുന്നതിനായി മൈസൂര്‍ പൊലിസില്‍ നിന്നും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നും പാതിവഴിയില്‍ നിന്നെന്നും മനസ്സിലായപ്പോള്‍ സുലൈമാന്റെ ഭാര്യ ആമിന ഭര്‍ത്താവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് കാണിച്ച് ജില്ലാ പോലിസ് സൂപ്രണ്ടിനും അപേക്ഷ നല്‍കി. എന്നാല്‍ കാണാതായത് കര്‍ണാടക പൊലിസ് പരിധിയിലായതിനാല്‍ കര്‍ണാടക പൊലിസാണ് അന്വേഷിക്കേണ്ടതെന്ന മറുപടിയാണ് തനിക്ക് ലഭിച്ചതെന്ന് ആമിന പറയുന്നു.
ഇനി ഞാനെങ്ങിനെയാണ് തന്റെ ഭര്‍ത്താവിനെ കണ്ടെത്തുക എന്ന് നിസ്സഹായയായി ആമിന ചോദിക്കുന്നു. തന്റെ ഭര്‍ത്താവിന് എന്ത് സംഭവിച്ചതെന്നറിയാതെ കണ്ണീര്‍ വാര്‍ക്കുന്ന ആമിന സുലൈമാന്‍ എന്നെങ്കിലും ഒരിക്കല്‍ തിരിച്ച് വരുമെന്ന പ്രതീക്ഷയില്‍ നാളുകളെണ്ണി കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."