ഒരു നൂറ്റാണ്ടായി സൗഹാര്‍ദത്തിന്റെ മാതൃക തെറ്റിക്കാതെ ഇഫ്താര്‍ ഒരുക്കി വലിയ വിളയില്‍ കുടുംബം
കായംകുളം: സാഹോദര്യത്തിന്റെ കണ്ണികള്‍ ഇടമുറിയാതെ സൂക്ഷിച്ച് ഒരു നൂറ്റാണ്ടിലധികമായി ഒരു ഹിന്ദു കുടുംബം നടത്തുന്ന നോമ്പ് തുറ മത സൗഹാര്‍ദ്ദത്തിന്റെ പൊന്‍ തൂവലാകുന്നു.
വിശുദ്ധ റമദാനിലെ മഹത്വം നെഞ്ചിലേറ്റി മുസ്‌ലിം സഹോദരങ്ങള്‍ക്കായി നോമ്പുതുറയൊരുക്കി ഒരു ഹിന്ദു കുടുംബം മാതൃക തീര്‍ക്കുമ്പോള്‍അത് നാടിന് വേറിട്ട അനുഭവസാക്ഷ്യമാകുകയും ചെയ്യുന്നു.
വളളികുന്നം കടുവിനാല്‍ മുസ്‌ലിം ജമാ അത്ത് പളളിയില്‍ കടുവിനാല്‍ വലിയ വിളയില്‍ കുടുംബാംഗങ്ങളാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി നോമ്പുതുറയൊരുക്കുന്നത്.നൂറ് വര്‍ഷം മുമ്പ് വലിയ വിളയില്‍ എന്ന ഈഴവ കുടുംബത്തിലെ കാരണവരായ വെളുത്ത കുഞ്ഞ് ജോലികഴിഞ്ഞു വരുമ്പോള്‍ നോമ്പുതുറയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ചര്‍ച്ച ചെയ്യാന്‍ കടുവിനാല്‍ പളളിയില്‍ കമ്മിറ്റിയുടെ യോഗം നടക്കുകയായിരുന്നു.
വിശ്വാസികളില്‍ നിന്നു കാര്യം മനസ്സിലാക്കിയ കാരണവര്‍ 26 രാവിലെ നോമ്പു തുറ താന്‍ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തു. നൂറ് വര്‍ഷത്തിലധികമായി മഹത്തായ ഇരുപത്താറാം നോമ്പുതുറ വലിയ വിളയില്‍ കുടുംബം മുറ തെറ്റാതെ നടത്തി വരുന്നു
വെളുത്ത കുഞ്ഞിന്റെ മരണശേഷം കാരണവര്‍ സ്ഥാനത്തേക്ക് എത്തിയ സഹോദരന്‍ കൊച്ചു കുഞ്ഞ്, മകന്‍ നീലകണ്ഠന്‍ എന്നിവരും തുടര്‍ന്ന് ഈ കുടുംബത്തിലെ തല മുതിര്‍ന്ന സഹോദരന്മാരായ കരുണാകരനും, ദിവാകരനും, കൃഷ്ണനും ചേര്‍ന്നാണ് നോമ്പുതുറ നടത്തി വന്നിരുന്നത്.
കൃഷ്ണന്റെ മരണശേഷം മക്കള്‍ പ്രകാശും പ്രസന്നനും മറ്റ് മുതിര്‍ന്നകാരണവന്മാരും ചേര്‍ന്ന് നോമ്പുതുറ നടത്തുന്നു. ഇരുപത്താറിന് രാവിലെ തന്നെ ആവശ്യമായ സാധനങ്ങള്‍ പളളിയില്‍ എത്തിക്കുകയും ഇവിടെ വെച്ച് പാചകം ചെയ്ത് ആഹാരം വിതരണം ചെയ്യും.
വൈകുന്നേരം നോമ്പുതുറക്കുന്ന സമയമാകുമ്പോള്‍ നാട്ടിലെ നാനാജാതി മതസ്ഥര്‍ പങ്കെടുക്കാന്‍ എത്തും.വരുന്നവര്‍ക്കെല്ലാം നോമ്പ് തുറക്കുന്നതിന് പഴവര്‍ഗ്ഗങ്ങള്‍, ജ്യൂസ് എന്നിവയും പിന്നീട് വിഭവ സമൃദ്ധമായ ആഹാരവും നല്‍കും.
വലിയ വിളയില്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരു നിഷ്ഠ പോലെയാണ് ഈ പുണ്യകര്‍മത്തില്‍ പങ്കാളികളാകാന്‍ എത്തിച്ചേരുന്നത്. മതസൗഹാര്‍ദം വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് ഒരു വര്‍ഷം പോലും പതിവ് തെറ്റാതെ ഇഫ്താറൊരുക്കുന്ന ഈ കുടുംബം മഹത്തായ മാതൃക തീര്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."