പരിസ്ഥിതി ദിനാചരണ പരിപാടികള്‍ അഞ്ചു മുതല്‍
കോഴിക്കോട്: കേന്ദ്ര, കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഭരണകൂടം തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് നടക്കുന്ന ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനാചരണ പരിപാടികള്‍ ജൂണ്‍ അഞ്ചു മുതല്‍ ഒന്പതുവരെ നടക്കും.
'പ്ലാസ്റ്റിക് മാലിന്യത്തെ തുരത്തുക' എന്ന മുദ്രാവാക്യവുമായി ആചരിക്കുന്ന ദിനാചരണത്തിന് ഇന്ത്യ ആതിഥ്യമരുളുന്നതിനാല്‍ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രകൃതി സംരക്ഷണസമിതി, സേവ്, എന്‍.ജി.സി, ജൈവകര്‍ഷക സമിതി, നദീസംരക്ഷണ സമിതി, ഗ്രീന്‍ ഹോപ് സൊസൈറ്റി തുടങ്ങിയ പരിസ്ഥിതി സംഘടനകള്‍ക്കു പുറമേ സന്നദ്ധസംഘടനകളും ബഹുജനങ്ങളും പങ്കാളികളാകും. കടലിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാനുള്ള ദൗത്യത്തിനാണ് ഊന്നല്‍ നല്‍കുന്നത്. കേരളത്തില്‍ കോഴിക്കോട്, വര്‍ക്കല കടല്തീരങ്ങള് ശുചീകരണത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. അഞ്ചിന് 7.30ന് ആരംഭിക്കുന്ന കോഴിക്കോട് കടല്‍ത്തീര ശുചീകരണം ജില്ലാ കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്യും. 6, 7 തിയതികളില്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും.
എട്ടിന് കോഴിക്കോടിന്റെ അനുബന്ധ കടല്‍ത്തീരങ്ങള്‍ ശുചിയാക്കും. ഒന്‍പതിന് രാവിലെ 10ന് പരിസ്ഥിതി ബോധവല്‍ക്കരണ റാലി ബി.ഇ.എം ഹൈസ്കൂളില്‍ നിന്നാരംഭിക്കും. 10.30ന് ടൗണ്‍ ഹാളില്‍ ചേരുന്ന പരിസ്ഥിതി സമ്മേളനത്തില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കലക്ടര്‍ യു.വി ജോസ് അധ്യക്ഷനായി. ഡോ. വി.പി ദിനേശന്, എം.എ ജോണ്സണ്, ടി.വി രാജന്, വടയക്കണ്ടി നാരായണന്, ഡോ. എം.സി.സിബി, എ.ശ്രീവത്സന്‍, മണലില്‍ മോഹനന്, ടി.കെ ഉഷാറാണി, ഇ.എം രാജന്, സുബീഷ് ഇല്ലത്ത്, പി രമേശ് ബാബു, സി.പി കോയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."