വാഹനങ്ങളില്‍ നിന്നും ബാറ്ററിയും ഇന്ധനവും മോഷ്ടിക്കുന്ന 'ഫ്രീക്കന്‍മാര്‍' പിടിയിലായി
നെടുമ്പാശ്ശേരി: ടോറസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിന്നും ബാറ്ററിയും ഇന്ധനവും, വിലപ്പെട്ട ഫിറ്റിംഗുകളും മോഷ്ടിക്കുന്ന യുവാക്കളുടെ ആറംഗ സംഘം ചെങ്ങമനാട് പൊലിസിന്റെ പിടിയിലായി. അതീവ നാടകീയമായാണ് സംഘത്തെ പൊലിസ് വലയിലാക്കിയത്. ഫ്രീക്കന്‍ വേഷത്തില്‍ ബൈക്കുകളിലും, കാറുകളിലും കറങ്ങി നടക്കുന്ന ഇവര്‍ അര്‍ധരാത്രിക്ക് ശേഷമായിരുന്നു മോഷണം നടത്തിയിരുന്നത്. മുഖ്യസൂത്രധാരനായ ചെങ്ങമനാട് കുറുപ്പനയത്ത് വാടകക്ക് താമസിക്കുന്ന ഇടുക്കി സ്വദേശി കുന്നുംപുറത്ത് വീട്ടില്‍ അഭിജിത്ത് (18), മേക്കാട് വാടകക്ക് താമസിക്കുന്ന കൊരട്ടി മംഗലശ്ശേരി മങ്ങാട്ടുകര വീട്ടില്‍ വിവേക് (18), അങ്കമാലി ജോസ്പുരം പാലിയക്കര ചക്കാട്ടില്‍ വീട്ടില്‍ ആഷിക്ക് (20), ചെറിയവാപ്പാലശ്ശേരി വടക്കുംഭാഗത്ത് വീട്ടില്‍ ജഗന്‍ (18), നെടുമ്പാശ്ശേരി ചെറിയവാപ്പാലശ്ശേരി ചീരോത്ത് വീട്ടില്‍ വിനു (20), മേക്കാട് പാറക്കല്‍ വീട്ടില്‍ നവീന്‍ (19) എന്നിവരാണ് അറസ്റ്റിലായത്.
ചുരുങ്ങിയ കാലത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. മോഷ്ടിക്കുന്ന സാധനങ്ങാള്‍ വിറ്റ് ലഭിക്കുന്ന പണമുപയോഗിച്ച് ആര്‍ഭാട ജീവിതം നയിച്ചു വരികയായിരുന്നു പ്രതികള്‍. സംഘാംഗങ്ങളില്‍ ചിലരുടെ വാടക വീട്ടില്‍ കേന്ദ്രീകരിച്ചായിരുന്നു മോഷണം ആസൂത്രണം ചെയ്തിരുന്നത്. വഴിയരികിലും, പാര്‍ക്കിങ് കേന്ദ്രങ്ങളിലുമുള്ള വാഹനങ്ങളിലാണ് പ്രധാനമായും മോഷണം അരങ്ങേറിയിരുന്നത്.
മോഷ്ടിക്കുന്ന ബാറ്ററികള്‍ സ്വന്തം വാഹനങ്ങളുടേതാണെന്ന് തെറ്റിധരിപ്പാണ് ബാറ്ററി കടകളിലെത്തിച്ച് വില്‍പ്പന നടത്തിയിരുന്നത്. മോഷ്ടിക്കേണ്ട വാഹനങ്ങളെ സംബന്ധിച്ചും മോഷ്ടിക്കേണ്ട രീതിയും മുന്‍കൂട്ടി പദ്ധതിയിട്ടശേഷമാണ് മോഷണം അരങ്ങ് തകര്‍ത്തിരുന്നത്. ചെങ്ങമനാട് സ്റ്റേഷന്‍ പരിധിയിലെ അത്താണി, കാരക്കാട്ടുകുന്ന്, ചെങ്ങമനാട്, പാലപ്രശ്ശേരി, അടുവാശ്ശേരി, കുന്നുകര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതലായും മോഷണം നടത്തിയിരുന്നത്.
മേഖലയിലെ ചെറുതും വലതുമായ വാഹനങ്ങളില്‍ നിന്ന് ബാറ്ററികളും ഇന്ധനവും മോഷ്ടിക്കുന്നത് വ്യാപകമായതോടെ വാഹന ഉടമകള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ജില്ല റൂറല്‍ എസ്.പി രാഹുല്‍. ആര്‍ നായരുടെ നിര്‍ദേശത്തെതുടര്‍ന്ന് ആലുവ ഡിവൈ.എസ്.പി കെ.ബി പ്രഫുല്ലചന്ദ്രന്റെ മേല്‍നോട്ടത്തില്‍ലാണ് പ്രതികളെ കണ്ടെത്താന്‍ പൊലിസ് പദ്ധതി തയാറാക്കിയത്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് മേഖലയില്‍ മോഷണം ആരംഭിച്ചത്. ഇവര്‍ മറ്റെവിടെയെങ്കിലും മോഷണം നടത്തിയിട്ടുണ്ടോയെന്നും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യവും പൊലിസ് അന്വേഷിച്ച് വരികയാണ്. ആലുവ ഫസ്റ്റ് കഌസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അന്വേഷണ സംഘത്തില്‍ എ.എസ്.ഐമാരായ പൗലോസ് ജോണ്‍, പ്രദീപ്കുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ വിജു വര്‍ഗീസ്, രാജേഷ്‌കുമാര്‍, സുഭാഷ് എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."