റിയാദ് മിസൈൽ ആക്രമണം; ആകാശത്തു വെച്ച് തകർത്ത മിസൈൽ അവശിഷ്‌ടങ്ങൾ പതിച്ച് രണ്ടു പേർക്ക് പരിക്ക്
റിയാദ്: ശനിയാഴ്ച അർദ്ധ രാത്രിയോടെ സഊദി തലസ്ഥാന നഗരിയായ റിയാദിനു നേരെ നേരെയുണ്ടായ മിസൈൽ ആക്രമണ ശ്രമത്തിൽ രണ്ടു പേർക്ക് പരിക്കേറ്റതായി അറബ് സഖ്യ സേന അറിയിച്ചു. സഊദി റോയൽ വ്യോമ പ്രതിരോധ സേന മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്ത് വെച്ച് തകർത്ത മിസൈൽ അവശിഷ്‌ടങ്ങൾ പതിച്ചാണ് രണ്ടു പേർക്ക് പരിക്കേറ്റത്. ഇന്നലെ രാത്രി 11:20 നാണു റിയാദ് ലക്ഷ്യമാക്കി മിസൈൽ കുതിച്ചെത്തിയത്. എന്നാൽ, സഊദി വ്യോമ പ്രതിരോധ സേന ആകാശത്ത് വെച്ച് താമസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയെത്തിയ മിസൈലുകള്‍ നിലം തൊടും മുമ്പേ തകർത്തതിനാൽ വൻ അപകടമാണ് ഒഴിവായത്. റിയാദ് നഗരത്തിൽ ,മിസൽ അവശിഷ്‌ടങ്ങൾ പതിച്ചു രണ്ടു താമസക്കാർക്ക് പരിക്കേറ്റതായി റിയാദ് പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് ലഫ്റ്റനന്റ് കേണൽ മുഹമ്മദ് അൽ ഹമ്മാദി അറിയിച്ചു.
രണ്ടു മിസൈലുകള്‍ ആകാശത്ത് വെച്ച് നശിപ്പിച്ചുവെന്നാണ് പ്രാഥമിക വിവരം. പ്രാദേശിക സമയം രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് ആകാശത്ത് വെച്ച് രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തത്. റിയാദ് നഗരത്തില്‍ വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശ വാസികൾ വെളിപ്പെടുത്തി. കൂടാതെ, അതിർത്തി പ്രദേശമായ ജിസാന് നേരെയും മിസൈല്‍ ആക്രമണ ശ്രമവും ഉണ്ടായിട്ടുണ്ട്. ഇതും സഊദി പ്രതിരോധിച്ച് തകർത്തിട്ടു. സഊദിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യെമനിലെ സൻആ, സആദ എന്നിവിടങ്ങളിൽ നിന്നുമാണ് ഇറാൻ സഹായമുള്ള യമനിലെ ഹൂതി വിമതർ മിസൈൽ തൊടുത്തു വിട്ടതെന്ന് അറബ് സഖ്യ സേന വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.
അതേസമയം, യമനിലെ ഇറാൻ അനുകൂല ഹൂതികൾ ഇത് വരെ സംഭവത്തിൽ പ്രതികരിക്കുകയോ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ ചെയ്‌തിട്ടില്ല. രണ്ടു ദിവസം മുമ്പ് സഊദി അതിർത്തി പ്രദേശങ്ങളായ ഖമീസ് മുശൈത്,അബഹ എന്നീ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ കുതിച്ചെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."