ട്രംപിന്റെ മെക്‌സിക്കന്‍ മതില്‍ ഉയര്‍ത്തുന്ന ആശങ്ക
ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന്‍കീഴില്‍ അമേരിക്കയില്‍ ഉയരുന്ന തീവ്രദേശീയതാവികാരം ഇന്ത്യക്കാരെയും മറ്റു രാജ്യങ്ങളില്‍ (പ്രത്യേകിച്ച് മുസ്‌ലിംരാജ്യങ്ങളില്‍) നിന്നുള്ള കുടിയേറ്റക്കാരെയും ഭീതിയുടെ നിഴലിലാക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷമായി അമേരിക്കയുടെ വിവിധ പ്രദേശങ്ങളില്‍ സൗഹാര്‍ദത്തോടെയും സുരക്ഷിതബോധത്തോടെയും കഴിഞ്ഞ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ കടുത്ത ആശങ്കയിലാണ്.
ഇരുന്നൂറു വര്‍ഷത്തിലേറെക്കാലത്തെ ജനാധിപത്യ പാരമ്പര്യമുള്ള അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിനെപ്പോലൊരു വംശവെറിയന്‍ പ്രസിഡന്റായി വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നതല്ല. അതിവേഗം ശക്തിപ്രാപിക്കുന്ന സ്വത്വരാഷ്ട്രീയവും വലതുപക്ഷതീവ്രതയും ചൂഷണം ചെയ്താണ് ട്രംപ് അധികാരത്തിലേറിയത്.
അധികം വിദ്യാഭ്യാസമില്ലാത്ത അമേരിക്കന്‍ യുവാക്കളാണു ട്രംപിനെ അധികാരത്തിലേറ്റിയത്. ഇവരില്‍ നല്ലൊരു ശതമാനവും ട്രംപ് ഉയര്‍ത്തുന്ന മുസ്‌ലിംവിരുദ്ധസമീപനത്തെ കണ്ണടച്ചു പിന്തുണയ്ക്കുന്നവരാണ്. അധികാരമേറ്റയുടനെ ട്രംപ് ഇത്തരമാളുകളെ പ്രീതിപ്പെടുത്താനുള്ള ഓട്ടത്തിലാണ്.
മനുഷ്യഹൃദയങ്ങളില്‍ വിദ്വേഷം നിറച്ചു മനസ്സുകളെ വിഭജിച്ചു മെക്‌സിക്കോ അതിര്‍ത്തിയില്‍ മതിലുകെട്ടാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചുകഴിഞ്ഞു. അപ്രായോഗികമെന്നും അനാവശ്യമെന്നും മറ്റുള്ളവര്‍ കരുതുന്ന കാര്യങ്ങള്‍ ഉടന്‍ പ്രാവര്‍ത്തികമാക്കാനുള്ള കരുനീക്കമാണു ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നത്. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതിലുകെട്ടുമെന്ന പ്രഖ്യാപനം തമാശയ്ക്കു പറഞ്ഞതല്ലെന്നും അതിനുള്ള നടപടികള്‍ വൈറ്റ്ഹൗസില്‍ നടക്കുകയാണെന്നും ട്രംപ് വെളിപ്പെടുത്തിക്കഴിഞ്ഞു.
ഇതിനെതിരേ പ്രതികരിക്കുന്നവര്‍ എത്ര ഉന്നതരായാലും അവരെ ഇകഴ്ത്തുകയും പരിഹസിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ട്രംപ്. 'ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്കു മുന്നില്‍ മതില്‍ പണിയുന്നവര്‍ ക്രിസ്ത്യാനിയല്ലെ'ന്നു മാര്‍പാപ്പ അഭിപ്രായപ്പെട്ടപ്പോള്‍ ട്രംപിന്റെ മറുപടി, 'മെക്‌സിക്കോ ഗവണ്‍മെന്റിന്റെ പാവയായി മാര്‍പാപ്പ മാറിയിരിക്കുന്നു'വെന്നായിരുന്നു.
മെക്‌സിക്കോയില്‍നിന്ന് അമേരിക്കയിലേക്കുള്ള എല്ലാ കടന്നുകയറ്റവും പഴുതടച്ചു തടയുന്നതിനാണു മതില്‍ നിര്‍മിക്കുന്നത്. നിയമവിരുദ്ധ കുടിയേറ്റം, മയക്കുമരുന്നു കള്ളക്കടത്ത്, ക്രിമിനല്‍ കുറ്റവാളികളുടെ നുഴഞ്ഞുകയറ്റം തുടങ്ങിയവ പ്രതിരോധിക്കാനാണു മതിലുകെട്ടുന്നതെന്നു തെരഞ്ഞെടുപ്പുവേളയില്‍ ട്രംപ് പറഞ്ഞിരുന്നതാണ്. മെക്‌സിക്കന്‍ ജനതയുടെ സമ്പുഷ്ടമായ സാംസ്‌കാരിക പാരമ്പര്യത്തെ അവഹേളിക്കുന്ന ട്രംപിന്റെ വികലവീക്ഷണത്തിനെതിരേ അമേരിക്കയില്‍നിന്നുപോലും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുകഴിഞ്ഞു.
1500 കോടി ഡോളര്‍ (ഏകദേശം 92,000 കോടി രൂപ) ആണ് 3200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മതിലിനു ചെലവു കണക്കാക്കുന്നത്. ചെലവുസംഖ്യ ആദ്യം അമേരിക്കയെടുക്കുമെങ്കിലും ആ തുക മെക്‌സിക്കോ എത്രയും പെട്ടെന്നു തിരിച്ചടക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരിക്കുകയാണ്. ''മതിലുകളില്‍ ഞങ്ങള്‍ക്കു വിശ്വാസമില്ല'' എന്ന ചുട്ട മറുപടിയാണ് അതിനു മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെനാനീറ്റോവ് നല്‍കിയത്. മതില്‍നിര്‍മാണത്തിനു ചില്ലിക്കാശു നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക സന്ദര്‍ശിക്കാനുള്ള ട്രംപിന്റെ ക്ഷണവും ഇക്കാരണത്താല്‍ മെക്‌സിക്കന്‍ പ്രസിഡന്റ് റദ്ദാക്കി.
മെക്‌സിക്കോയില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് അമേരിക്കയുടെ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുകയെന്നതു ട്രംപിന്റെ ആശയമൊന്നുമല്ല. 700 മൈല്‍ നീളത്തില്‍ കമ്പിവേലി കെട്ടുന്നതിനും അതിര്‍ത്തിയില്‍ മറ്റു നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനും സെക്യുര്‍ഫെന്‍സ് ആക്ട് നടപ്പില്‍ വരുത്താനുള്ള ഉടമ്പടിയില്‍ 2006ല്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഒപ്പുവച്ചിരുന്നു. ഈ ബില്‍ അമേരിക്കന്‍ ജനതയെ സംരക്ഷിക്കുമെന്നും അമേരിക്കന്‍ അതിര്‍ത്തി ഭദ്രമാക്കുമെന്നും ബുഷ് അന്നു പ്രസ്താവിച്ചിരുന്നു.
1965 മുതല്‍ 2010 വരെ അതിര്‍ത്തി ഭദ്രമാക്കുന്നതിനായി യു.എസ് 40 ബില്യണ്‍ ഡോളര്‍ ചിലവഴിച്ചിട്ടുണ്ട്. വേലികെട്ടുന്നതിനു പുറമേ നുഴഞ്ഞുകയറുന്നവരെ തടയുന്നതിനുള്ള സാങ്കേതികവിദ്യ അതിര്‍ത്തിയിലെ പട്രോളിങ് എന്നിവയ്‌ക്കെല്ലാമുള്ള ചെലവും ഇതില്‍പ്പെടും. 1965ല്‍ അതിര്‍ത്തിയില്‍ 1400 പേരിലധികമായിരുന്നു പട്രോളിങ് നടത്തിയിരുന്നതെങ്കില്‍ 2009ല്‍ അത് 19,500 ലധികം പേരായി. അതിര്‍ത്തി പട്രോളിങ് തുടങ്ങിയ ശേഷം അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്നതിനു പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. ഓപറേഷന്‍ സേഫ് ഗാര്‍ഡ്, ഓപറേഷന്‍ ഹോള്‍ഡ് ലൈന്‍ എന്നിങ്ങനെ വിവിധ വര്‍ഷങ്ങളില്‍ അതു വിവിധപേരുകളില്‍ അറിയപ്പെട്ടു.
ഓരോ ഓപറേഷന്റെയും ഫലമായി നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം കുറഞ്ഞുവെന്നതു യാഥാര്‍ഥ്യമാണ്. എന്നാല്‍, കര്‍ശനമായ സുരക്ഷാസൗകര്യങ്ങളുള്ള സ്ഥലങ്ങളിലൂടെയല്ലാതെ കാവല്‍ക്കാരില്ലാത്തതും അപകടകരവുമായ അതിര്‍ത്തിയിലൂടെ അനധികൃത കുടിയേറ്റക്കാര്‍ വന്നുകൊണ്ടിരുന്നു. കള്ളക്കടത്തുള്‍പ്പെടെയുള്ള സംഘടിതകുറ്റകൃത്യങ്ങളിലേക്കുകൂടി ഇതുപോലെയുള്ള കുടിയേറ്റം അവരെ നയിച്ചുവെന്നു പറയേണ്ടതുണ്ട്. അതിര്‍ത്തിപ്രദേശം കുടിയേറ്റക്കാര്‍ക്കും പട്ടാളക്കാര്‍ക്കും ഒരുപോലെ അപകടസ്ഥലമായി മാറി. സുരക്ഷാസന്നാഹങ്ങള്‍ വിപുലമായിരുന്നില്ല. അതിനാലാണ് അതു വിജയിക്കാതെ പോയതെന്ന അഭിപ്രായക്കാര്‍ ഇപ്പോഴും അമേരിക്കയിലുണ്ട്.
അതിര്‍ത്തിയിലെ സുരക്ഷാസന്നാഹങ്ങള്‍ വര്‍ധിപ്പിച്ചതുകൊണ്ട് അനധികൃതകുടിയേറ്റം ഫലപ്രദമായി തടയാന്‍ കഴിയില്ലെന്നാണു ചരിത്രം പറയുന്നത്. അതിര്‍ത്തിയില്‍ ശക്തമായ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോഴെല്ലാം നുഴഞ്ഞുകയറ്റക്കാര്‍ തിരിച്ചു മെക്‌സിക്കോയിലേയ്ക്കു പോകാതെ അമേരിക്കയില്‍ ദീര്‍ഘകാലം താമസിച്ചിട്ടുള്ളതായി കാണാം.
ഏതെങ്കിലുമൊരു രാഷ്ട്രത്തിന്റെ നിയന്ത്രണത്തിനപ്പുറം രാഷ്ട്രാന്തരീക്ഷവും, ആഗോളപരവുമായ കാരണങ്ങളാണു കുടിയേറ്റം സൃഷ്ടിക്കുന്നതെന്നിരിക്കെ അമേരിക്കയ്ക്ക് ഫലപ്രദമായ നയം ആവിഷ്‌കരിക്കാനാവില്ല. കുടിയേറ്റത്തെ അനുകൂലിക്കുന്ന തൊഴിലുടമ, മനുഷ്യാവകാശപ്രസ്ഥാനങ്ങള്‍, കുടിയേറ്റത്തെ എതിര്‍ക്കുന്ന തൊഴിലാളികള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ വീക്ഷണങ്ങളുള്ള തല്‍പ്പരകക്ഷികളുണ്ടെന്നിരിക്കെ ഒരു രാജ്യത്തിന്റെ കുടിയേറ്റനയം അത്യന്തികമായി തീരുമാനിക്കാനും കഴിയില്ല.
92,000 കോടി രൂപയാണു മതില്‍നിര്‍മാണത്തിനു ട്രംപ് ഭരണകൂടം പറയുന്ന ചെലവെങ്കിലും രണ്ടുലക്ഷം കോടി രൂപയിലധികം വരുമെന്നാണു വിദഗ്ധര്‍ പറയുന്നത്. ലോകത്തിന്റെ വിവിധ കോണുകളിലെ, പ്രത്യേകിച്ച് അമേരിക്കയിലെ, ജനങ്ങള്‍ ട്രംപിനോടു ചോദിക്കുന്ന ചോദ്യമിതാണ്: 'എന്താണ് ഈ മതില്‍ നിര്‍മാണത്തിലൂടെ താങ്കള്‍ നേടാന്‍ പോകുന്നത്? ഇതു ഫലപ്രദമാകുമെന്നു ഉറപ്പുണ്ടോ?' എല്ലാ മനുഷ്യര്‍ക്കും സ്വന്തംമണ്ണില്‍ ജീവിക്കാനാണ് ആഗ്രഹം.
എന്നാല്‍, നിത്യേന സംഘര്‍ഷവും കലാപവുമുള്ള സ്വന്തം മണ്ണില്‍നിന്നു ജീവന്‍ കൈയില്‍പിടിച്ചു നെട്ടോട്ടമോടുന്നവര്‍ക്കു മുന്നില്‍ രാജ്യാതിര്‍ത്തിയുടെ വാതായനങ്ങള്‍ കൊട്ടിയടയ്ക്കുകയാണോ വേണ്ടത്. അങ്ങനെ ചെയ്യുന്നത് ഒരു രാഷ്ട്രത്തിനും ഭരണാധികാരിക്കും ഭൂഷണമാണോ?' എന്നതാണു പ്രസക്തമായ ചോദ്യം.
(ആസ്‌ത്രേലിയയിലെ 'ഇന്ത്യന്‍ ടൈംസ് '
എഡിറ്ററാണ് ലേഖകന്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."