കര്‍ണാടകയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യം
ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി യെ അധികാരത്തില്‍ നിന്നും അകറ്റിയ സഖ്യ പരീക്ഷണം ഭാവിയിലും തുടരാന്‍ നീക്കം. കോണ്‍ഗ്രസും ജെ.ഡി.എസും അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് നില്‍ക്കാനുള്ള തീരുമാനം എടുത്തതായാണ് റിപ്പോര്‍ട്ട്. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ചാല്‍ വീണ്ടും ബി.ജെ.പി ക്ക് അടിയാവുമെന്ന ധാരണയിലാണ് രണ്ട് കക്ഷികളും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുമാണ് ഇത് സംബന്ധിച്ച തീരുമാനം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
മന്ത്രിസഭാ വിപുലീകരണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനത്തിലേക്ക് കോണ്‍ഗ്രസും ജെ.ഡി.എസും എത്തിയിരിക്കയാണ്. ജെ.ഡി.എസ് ധനകാര്യവകുപ്പ് കൈകാര്യം ചെയ്യും. ബാക്കിയുള്ള എല്ലാ കാര്യവും തീരുമാനമായെന്ന് കെ.സി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെ.ഡി.എസും ഒരുമിച്ച് മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭാ വിപുലീകരണം ജൂണ്‍ ആറിന് നടക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചു. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരമടക്കം 22 മന്ത്രിമാരാണ് കോണ്‍ഗ്രസിനുള്ളത്. ആരോഗ്യം, ജലസേചനം, കൃഷി, വനിതാ ശിശുക്ഷേമം എന്നീ വകുപ്പുകളാണ് ഇതില്‍ പ്രധാനപ്പെട്ടത്. ധനകാര്യ വകുപ്പടക്കം 12മന്ത്രിമാരാണ് ജെ.ഡി.എസിനുള്ളത്. എക്‌സൈസ്, പൊതുമരാമത്ത്, വിദ്യാഭ്യാസം, ഗതാഗതം, ടൂറിസം എന്നീ വകുപ്പുകളാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഭരണം വിലയിരുത്താനായി ഇരു കക്ഷികളിലേയും പ്രധാനികളെ ഉള്‍ക്കൊള്ളിച്ച കോ.ഓഡിനേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിക്കും രൂപം കൊടുത്തിട്ടുണ്ട്. മാസത്തില്‍ ഒരു തവണയെങ്കിലും കമ്മിറ്റി യോഗം ചേരും. മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ അധ്യക്ഷനായ കമ്മിറ്റിയില്‍ ജെ.ഡി.എസിന്റെ ഡാനിഷ് അലിയാണ് കണ്‍വീനര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."