എല്ലാവര്ക്കും ഭവനം ഉറപ്പു നല്കി നാഗലശ്ശേരി പഞ്ചായത്ത് ബജറ്റ് പ്ലാസ്റ്റിക് മാലിന്യ രഹിത പഞ്ചായത്ത് ആക്കാനും പദ്ധതി
ആനക്കര: എല്ലാവര്ക്കും സ്ഥലം എല്ലാവര്ക്കും വാസയോഗ്യമായ ഭവനം എന്ന ലക്ഷ്യത്തിനായി ബജറ്റില്‍ തുക വകയിരുത്തി നാഗലശ്ശേരി പഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കാനാണ് ശ്രമം.
യുവജന ക്ഷേമത്തിനായി കലാകായിക അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന് പ്രത്യേക പദ്ധതിയുണ്ട്. നെല്‍ക്കൃഷിക്കും ഹരിത കേരള മിഷന്റെ തരിശു രഹിത ഗ്രാമം, ജൈവ പച്ചക്കറി ഗ്രാമം പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്.
മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യ രഹിത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കാനും ബജറ്റില്‍ പദ്ധതികളുണ്ട്.
ശുദ്ധജല വിതരണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് കിണര്‍ റീചാര്‍ജിങ്, പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുകുളങ്ങളും കിണറുകള്‍ നവീകരിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. ഊര്‍ജ സാക്ഷരത നടപ്പിലാക്കുന്നതിനും തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.
14,66,74723 രൂപ വരവും 14,49,34500 രൂപ ചെലവും 2030223 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
പഞ്ചായത്ത് മീറ്റിങ് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് എം. രജിഷയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് വി.പി ഐദ്രു ബജറ്റ് അവതരണം നടത്തി.
സ്ഥിരം സമിതി അംഗങ്ങളായ കെ.ടി മോഹന്‍ദാസ്, കെ.ജി രശ്മി, രമ്യ, ടി.കെ ബാലന്, ധര്മ്മരാജന്, ഇന്ദിര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."