'സ്രാവുകളെ വിഴുങ്ങാന്‍ ചെറു മീനുകള്‍'
നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍ക്ക് ശൗര്യം കൂടും, കളിക്കളത്തില്‍ പ്രത്യേകിച്ച്. ലോകകപ്പില്‍ ഫേവറേറ്റുകളായെത്തിയ പല കൊമ്പന്മാര്‍ക്കും പിഴച്ചത് പലപ്പോഴായി ഈ ശൗര്യത്തിന് മുന്നിലാണ്. കപ്പുയര്‍ത്താനെത്തിയവര്‍ പാതിവഴിയില്‍ കടലാസില്‍ കരുത്തില്ലാത്തവരുടെ കളിവിരുതില്‍ കളമൊഴിയേണ്ടി വന്ന ചരിത്രങ്ങളും ലോകകപ്പില്‍ ധാരാളമുണ്ട്.
1950ല്‍ സ്വന്തം നാട്ടില്‍ കപ്പുറപ്പിച്ച് മരക്കാനയില്‍ ഫൈനലിനിറങ്ങിയ കാനറികളുടെ നെഞ്ച് പിളര്‍ത്തിയാണ് ഉറുഗ്വെ കപ്പില്‍ മുത്തമിട്ടത്. ജൂണ്‍ 14ന് റഷ്യയിലെ മോസ്‌ക്കോ ലുസിനിക്കി സ്റ്റേഡിയത്തില്‍ പന്തുരുണ്ട് തുടങ്ങുമ്പോള്‍ അട്ടിമറികളുടെ ചരിത്രങ്ങള്‍ ആവര്‍ത്തിക്കപ്പെടുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. വമ്പന്‍ സ്വപ്നങ്ങളുടെ ചിറകരിയാന്‍ മൂര്‍ച്ചയുള്ള കാലുകളുമായി യോഗ്യതാ റൗണ്ടുകളില്‍ അട്ടിമറികള്‍ നടത്തിയെത്തിയവരും ഇക്കുറി പല ഗ്രൂപ്പുകളിലായി സ്ഥാനം പിടിച്ചിട്ടുണ്ട്.
ഗ്രൂപ്പ് എ യില്‍ ആതിഥേയരായ റഷ്യയും സഊദി അറേബ്യയും തമ്മിലാണ് ഉദ്ഘാടന മത്സരം. റാങ്കിങ്ങില്‍ പിന്നിലുള്ള ടീമുകള്‍ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഉദ്ഘാടന മത്സരം കളിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യം എന്ന പ്രത്യേകതയുമായാണ് സഊദി കളത്തിലിറങ്ങുന്നത്. യോഗ്യത റൗണ്ടില്‍ 16 ഗോളടിച്ച മുഹമ്മദ് അല്‍ സഹ്‌ലവിയെ പോലുള്ള ഏതാനും കളിക്കാരുടെ മികവിലാണ് ടീമിന്റെ പ്രതീക്ഷ.
1966ലെ നാലാം സ്ഥാനമെന്ന നേട്ടത്തിനൊപ്പമെത്താന്‍ കൈമെയ് മറന്ന് പോരാടാനുറച്ചാണ് റഷ്യയുടെ വരവ്. ഗാലറിയുടെ പൂര്‍ണ പിന്തുണയില്‍ കളത്തിലിറങ്ങുന്ന റഷ്യ ലക്ഷ്യം വയ്ക്കുക ജയം മാത്രമായിരിക്കും. എന്നാല്‍ ലോക വേദിയില്‍ ഗാലറിയുടെ വിശ്വാസത്തിനൊത്ത് ടീമിന് ഉയരാന്‍ കഴിഞ്ഞില്ലെങ്കില്‍ അട്ടിമറിയുടെ ചരിത്രം ആവര്‍ത്തിക്കപ്പെടും. ഒരു പ്രതീക്ഷയുമില്ലാതെ എത്തി ഉദ്ഘാടന മത്സരത്തില്‍ അട്ടിമറികളിലൂടെ വിജയം കൈവരിച്ച് ലോകകപ്പില്‍ നിരവധി ചെറുമീനുകള്‍ മിന്നും പ്രകടനം നടത്തിയിട്ടുണ്ട്.
1990ല്‍ ഇറ്റലിയയില്‍ നടന്ന 14ാം ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ കടലാസില്‍ കരുത്തില്ലാതിരുന്ന കാമറൂണ്‍ അട്ടിമറിച്ചത് ഡീഗോ മറഡോണയുടെ അര്‍ജന്റീനയെയാണ്. ഈ അട്ടിമറിയുടെ ആവേശം ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയാണ് കാമറൂണ്‍ അവസാനിപ്പിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടാണ് കാമറൂണിന്റെ കുതിപ്പിന് തടയിട്ടത്.
വിരമിച്ച ശേഷം രാജ്യത്തിന്റെ പ്രസിഡന്റ് പോള്‍ ബിയ തിരിച്ചുവിളിച്ചതിനെ തുടര്‍ന്ന് ദേശീയ നിരയിലെത്തിയ റോജര്‍ മില്ല എന്ന മുപ്പത്തെട്ടുകാരന്റെ കാല്‍വിരുതിലായിരുന്നു കാമറൂണിന്റെ കുതിപ്പ്.
2002ല്‍ ഏഷ്യയില്‍ നടന്ന ഫ്രാന്‍സ്-സെനഗല്‍ ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ സെനഗല്‍ എന്ന കൊച്ചു രാജ്യമാണ് പാപ ബൗബ ദിയോപിന്റെ ഗോളില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചത്. ക്വാര്‍ട്ടറില്‍ തുര്‍ക്കിയോട് ഒരു ഗോളിന്റെ പരാജയം ഏറ്റുവാങ്ങിയ സെനഗല്‍ അട്ടിമറി വിജയങ്ങളിലൂടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടംപിടിച്ച് നീണ്ട ഇടവേളക്ക് ശേഷം മുന്‍നിര ടീമുകള്‍ക്ക് വെല്ലുവിളിയാവാന്‍ ഇക്കുറി റഷ്യയിലെത്തിയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ ലോകകപ്പില്‍ രണ്ടാം റൗണ്ടില്‍ ഇറ്റലിയെ തോല്‍പ്പിച്ചത് വഴി ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി കൊടുത്തത് കോസ്റ്റ റിക്കയായിരുന്നു. കോസ്റ്റ റിക്കയുടെ ക്യാപ്റ്റന്‍ ബ്രയാന്‍ റൂയിസായിരുന്നു വിജയശില്‍പ്പി. ഇത്തവണയും വെറ്ററന്‍ താരത്തിന്റെ കരുത്തിലാണ് അവരുടെ വരവ്.
ലോകകപ്പ് വേദിയില്‍ അട്ടിമറി ചരിത്രങ്ങള്‍ ആവര്‍ത്തിക്കാന്‍ പോന്ന ടീമുകളാണ് ഗ്രൂപ്പ് എയിലെ തന്നെ ഈജിപ്ത്, ബി ഗ്രൂപ്പിലെ മൊറോക്കോ, ഇറാന്‍, സി, ഡി ഗ്രൂപ്പുകളിലെ പെറു, ഐസ്‌ലന്‍ഡ്, നൈജീരിയ, അവസാന നാല് ഗ്രൂപ്പുകളിലുള്ള സെര്‍ബിയ, ദക്ഷിണ കൊറിയ, പനാമ, ടുണീഷ്യ, പോളണ്ട് ടീമുകള്‍.
പ്രവചനങ്ങള്‍ക്കതീതമാണ് ഫുട്‌ബോള്‍. പ്രതീക്ഷകളില്ലാതെ എത്തുന്ന ടീമുകളാണ് ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ട ടീമുകളുടെ തിരിച്ചു പോക്കിന് ഇടയാക്കുന്നത്. കാത്തിരുന്ന് കാണാം, അട്ടിമറികളുടെയും അവിസ്മരണീയ മുഹൂര്‍ത്തങ്ങളുടെയും കാഴ്ചയൊരുക്കുന്ന ലോകകപ്പ് മാമാങ്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."