യു.പിയിലെത്തിയ കുടിയേറ്റത്തൊഴിലാളികളെ അണുനാശിനിയില്‍ കുളിപ്പിച്ച് ഉദ്യോഗസ്ഥര്‍
ബറേയ്‌ലി: കോവിഡ് ഭീതിയെ തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ തൊഴിലാളി സംഘത്തെ റോഡില്‍ നിരത്തിയിരുത്തി രാസവസ്തു സ്‌പ്രേചെയ്ത് കുളിപ്പിച്ചു. ബറേയ്‌ലിയാലാണ് സംഭവം. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെയാണ് പ്രാകൃത രീതിയില്‍ ഉദ്യോഗസ്ഥര്‍ അണുവിമുക്തരാക്കിയത്. കണ്ണെരിഞ്ഞ് കുട്ടികളും സ്ത്രീകളും കരഞ്ഞു. സംഭവം വിവാദമായതോടെ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചു.
സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയവരെയാണ് ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്തത്. സംഭവം വിഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. സംഘത്തോട് കണ്ണടച്ച് റോഡില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടശേഷം പി.പി.ഇ (സുരക്ഷാവസ്ത്രം) അണിഞ്ഞെത്തിയ ഉദ്യോഗസ്ഥര്‍ അണുനാശിനി സ്‌പ്രേ ചെയ്യുകയായിരുന്നു. കണ്ണില്‍ ഇത് പതിച്ചതോടെ എല്ലാവരും നിലവിളിക്കാന്‍ തുടങ്ങി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഉത്തര്‍പ്രദേശിലെത്തിയ തൊഴിലാളികളോടാണ് ഈ രീതിയില്‍ ഉദ്യോഗസ്ഥര്‍ പെരുമാറിയത്. ഇതില്‍ പലരെയും കഴിഞ്ഞ ദിവസം പ്രത്യേക ബസുകളിലാണ് ഉത്തര്‍പ്രദേശിലെത്തിച്ചത്. നിങ്ങളുടെയും കുട്ടികളുടെയും കണ്ണ് അടയ്ക്കു എന്ന് ഉദ്യോഗസ്ഥന്‍ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം വിശദീകരണവുമായി രംഗത്തെത്തി. വെള്ളവും ക്ലോറിനും ചേര്‍ത്ത മിശ്രിതമാണ് ഇവര്‍ക്ക് മേല്‍ തളിച്ചതെന്നായിരുന്നു ഇവരുടെ വിശദീകരണം. മറ്റു രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. അവരുടെ കണ്ണുകള്‍ അടയ്ക്കാന്‍ പറഞ്ഞതാണെന്നും ഇവര്‍ വ്യക്തമാക്കി.
എല്ലാവരെയും അണുവിമുക്തരാക്കുക അത്യാവശ്യമായതിനാലാണ് ഇതു ചെയ്തതെന്നും മനുഷ്യത്വ രഹിതമായ പെരുമാറ്റം ഉദ്ദേശിച്ചില്ലെന്നും ഇവര്‍ പറഞ്ഞു. ചെയ്ത കാര്യങ്ങള്‍ നല്ലതുതന്നെയെന്നാണ് വിശ്വസിക്കുന്നതെന്നും ഇവര്‍ ന്യായീകരിച്ചു.
എന്നാല്‍ വിഡിയോ പരിശോധിച്ചുവരികയാണെന്ന് ബറേയ്‌ലി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ബസുകളും മറ്റും അണുവിമുക്തമാക്കാനാണ് ആവശ്യപ്പെട്ടതെന്നും മറ്റു നടപടികളെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് നിരീക്ഷിക്കുന്നുണ്ടെന്നും തെറ്റായ കാര്യങ്ങള്‍ നടന്നുവെന്ന് ബോധ്യപ്പെട്ടാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."