രക്ഷിതാവ് നല്‍കുന്നതു മതിയെങ്കില്‍ അതു മതി
അങ്ങനെ വിലയേറിയ അനേകം രത്‌നങ്ങള്‍ നിറച്ച ആ പെട്ടി പിതാവ് പുറത്തെടുത്തു. എന്നിട്ട് തന്റെ മൂന്നു മക്കളെയും വിളിച്ചുവരുത്തിയിട്ടു പറഞ്ഞു: ''മക്കളേ, നിങ്ങളോട് എനിക്ക് വല്ലാത്ത സ്‌നേഹമാണെന്ന കാര്യം നിങ്ങള്‍ക്ക് നന്നായി അറിയാമല്ലോ.. ഇതാ, ഈ പെട്ടിയിലെ രത്‌നങ്ങള്‍ മുഴുവന്‍ നിങ്ങള്‍ക്ക് ഞാന്‍ നല്‍കുകയാണ്. കോടികള്‍ വിലമതിക്കുന്ന രത്‌നങ്ങളാണിവ. ഇതില്‍നിന്നു നിങ്ങള്‍ക്ക് കൈയില്‍കൊള്ളുന്നത്ര വാരിക്കൊണ്ടുപോകാം. പക്ഷെ, ഒരു നിബന്ധനയുണ്ട്. ഒറ്റത്തവണ മാത്രമേ എടുക്കാന്‍ പാടുള്ളൂ..''
തീരുമാനം മക്കള്‍ അംഗീകരിച്ചു. ആദ്യ ഊഴം മുതിര്‍ന്ന മകന്റെതായിരുന്നു. അവന്‍ തന്റെ വലിയ രണ്ടു കൈകളും പെട്ടിയിലേക്കാഴ്ത്തി. കൊള്ളാവുന്നത്രയും രത്‌നങ്ങള്‍ കോരിയെടുത്തു. പിന്നീട് വന്നത് രണ്ടാമത്തെ മകനാണ്. അവനും തന്റെ വലിയ കൈകള്‍ രത്‌നക്കൂമ്പാരങ്ങളിലേക്കാഴ്ത്തി വാരിയെടുത്തു. ഇനി ചെറു മകനാണുള്ളത്. അവന്റെ കൈകള്‍ വളരെ ചെറുതാണ്.. അവന്‍ പിതാവിനോടു ചോദിച്ചു: ''നിങ്ങള്‍ എന്നെ ശരിക്കും സ്‌നേഹിക്കുന്നുണ്ടോ?''
പിതാവ് പറഞ്ഞു: ''അതിലെന്താ സംശയം. നിന്നെയല്ലേ ഞാന്‍ സ്‌നേഹിക്കുന്നത്.''
അപ്പോള്‍ അവന്‍ പറഞ്ഞു: ''എങ്കില്‍ എന്റെ വിഹിതം ഞാന്‍ സ്വയം എടുക്കുന്നില്ല. പകരം, എനിക്ക് അങ്ങ് എടുത്തുതന്നാല്‍ മതി. അങ്ങയുടെ കൈകള്‍ കൊണ്ടു കിട്ടുന്നതാണ് എനിക്കിഷ്ടം.''
ഇതു കേട്ടപ്പോള്‍ പിതാവിനു വല്ലാത്ത സന്തോഷമായി. പിന്നെ ഒന്നും ആലോചിച്ചുനിന്നില്ല. പെട്ടി അടച്ചുവച്ചശേഷം മകനോടു പറഞ്ഞു: ''ഈ പെട്ടിയിലെ രത്‌നങ്ങള്‍ മുഴുവന്‍ നീ കൊണ്ടുപോയ്‌ക്കോളൂ. എല്ലാം നിനക്കുള്ളതാണ്..!''
എന്താണു സംഭവം..! മുതിര്‍ന്ന രണ്ടു മക്കള്‍ രത്‌നങ്ങള്‍ വാരാന്‍ അവര്‍ അവരെത്തന്നെ ആശ്രയിച്ചപ്പോള്‍ ചെറുമകന്‍ തന്റെ ഊഴം പിതാവിനെ ഏല്‍പിച്ചു. പിതാവിനെ ഏല്‍പിച്ചതിനാല്‍ അദ്ദേഹം അതു മുഴുവന്‍ ചെറുമകനു നല്‍കി. അത്രതന്നെ.
ചോദിക്കട്ടെ, ഇതുപോലെ ഒരു ഓഫര്‍ നമുക്കാണു ലഭിക്കുന്നതെങ്കില്‍ നാം എന്തു നിലപാട് സ്വീകരിക്കും..? ഈ കഥ വായിച്ച സ്ഥിതിക്ക് ഇനി പിതാവിനു തന്നെ ഏല്‍പിക്കും; അല്ലേ. എന്നാല്‍ കേട്ടോളൂ ഈ കഥയിലെ പാത്രങ്ങള്‍ നമ്മള്‍ തന്നെയാണ്. നമുക്കു മുന്നിലാണ് ഈ ഓഫര്‍ വന്നുനില്‍ക്കുന്നത്. ഒരു തവണയല്ല, ഒരുപാടു തവണ. എന്നിട്ടും നാം എന്തു ചെയ്യുന്നുവെന്നാണു നോക്കേണ്ടത്.
ഭൂമിയിലുള്ളതു മുഴുവന്‍ നിങ്ങള്‍ക്കു വേണ്ടി പടച്ചതാണെന്നു രക്ഷിതാവായ ദൈവം നമ്മോടു പറഞ്ഞു. ഇവിടെ അനുവദിക്കപ്പെട്ടതേതും നമുക്ക് അനുഭവിക്കാം. പരിധിയില്ലാതെ സമ്പാദിക്കുകയും ചെയ്യാം. പക്ഷെ, ഈ ലോകജീവിതം ഒരു തവണ മാത്രമേയുള്ളൂ. രണ്ടാമതൊരു ഊഴം ലഭിക്കില്ല. അതിനാല്‍ കിട്ടിയ ജീവിതം ചിലര്‍ അടിച്ചുപൊളിക്കുന്നു. തന്റെ കഴിവും യോഗ്യതയും മാത്രം ആശ്രയിച്ച് അര്‍മാദിക്കുന്നു. വേറെ ചിലര്‍ സമ്പാദിക്കുക തന്നെയാണ്. അനേകം തലമുറകള്‍ക്കു ജീവിക്കാനുള്ള സമ്പാദ്യങ്ങളാണ് അവര്‍ വാരിക്കൂട്ടുന്നത്. എന്നാല്‍ ഒരു കാര്യം കൂടി ദൈവം തമ്പുരാന്‍ പറഞ്ഞിട്ടുണ്ട്. വിശുദ്ധ വേദഗ്രന്ഥം ഖുര്‍ആനിലെ ത്വലാഖ് അധ്യായത്തില്‍ മൂന്നാം സൂക്തത്തിലാണതുള്ളത്: 'അല്ലാഹുവിന്റെ മേല്‍ ആരെങ്കിലും ഭരമേല്‍പിക്കുന്നുവെങ്കില്‍ അയാള്‍ക്ക് അവന്‍ തന്നെ മതി. തന്റെ കാര്യം അല്ലാഹു നേടുക തന്നെ ചെയ്യും.(65: 3)
എനിക്ക് എന്റെ രക്ഷിതാവ് നല്‍കുന്നതു മതി എന്നു ചിന്തിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്കാണു വിജയം. അല്ല, വിജയിച്ചവര്‍ മുഴുവന്‍ അവരാണ്. ജീവിതയാത്രയില്‍ ഇതിനോളം ആശ്വാസം നല്‍കുന്ന വേറൊരു ചിന്തയുണ്ടോ എന്നതു സംശയമായിരിക്കും. എനിക്കെന്റെ രക്ഷിതാവ് നല്‍കുന്നതു മതി എന്നു ചിന്തിക്കുന്നവന് എവിടെയാണ് ദുഃഖമുണ്ടാവുക? എത്ര വലിയ പരീക്ഷണം വന്നാലും ഇതെന്റെ രക്ഷിതാവ് നല്‍കിയതാണെങ്കില്‍ എനിക്കു പ്രശ്‌നമില്ലെന്നല്ലേ അവന്‍ ചിന്തിക്കുക. കിട്ടിയതില്‍ എത്ര വലിയ കുറവു സംഭവിച്ചാലും എന്റെ രക്ഷിതാവ് പൊരുത്തപ്പെട്ടു തരുന്ന ഒരു പൈസയാണ് പൊരുത്തപ്പെടാതെ നല്‍കുന്ന കോടികളെക്കാള്‍ എനിക്കു മൂല്യവത്തായതെന്നല്ലേ അവന്‍ ചിന്തിക്കുക? ഏതു സാഹചര്യത്തിനാണ് അവനെ കീഴ്‌പ്പെടുത്താനാവുക? ഇല്ല, ഒന്നിനും അവനെ കീഴ്‌പ്പെടുത്താനാവില്ല. അവന്‍ എപ്പോഴും ജേതാവായിരിക്കും. കാരണം, അവന്റെ കൂട്ടാളി സര്‍വശക്തനായ ദൈവമാണ്.
നമ്മുടെ ഭാരങ്ങളേല്‍ക്കാന്‍ കൂട്ടിനൊരാള്‍ സദാ കൂടെയുണ്ടെങ്കില്‍ നമ്മള്‍ വെറുതെ നടുവൊടിക്കേണ്ടതില്ല. എല്ലാം ദൈവത്തില്‍ ഏല്‍പിക്കുക. അവന്റെ തീരുമാനമാണ് നമ്മുടെ തീരുമാനങ്ങളെക്കാള്‍ വലുത്. അവന്റെ തീരുമാനങ്ങളില്‍ നമുക്ക് ഇഷ്ടമുള്ളതും ഇല്ലാത്തതുമുണ്ടാവാം. രണ്ടായാലും സ്വീകരിക്കാനുള്ള പക്വത കാണിക്കണം. നമ്മുടെ കഴിവുകള്‍ വളരെ പരിമിതം.
നാം ഉണ്ടാക്കിവച്ച സംവിധാനങ്ങള്‍ വളരെ ദുര്‍ബലം. ഒരു കാര്യത്തിനിറങ്ങുമ്പോള്‍ നമ്മുടെ ആശ്രയം പരിമിതമായ കഴിവുകളിലും ദുര്‍ബലമായ സംവിധാനങ്ങളിലുമാണെങ്കില്‍ കഷ്ടപ്പെടേണ്ടി വരിക നാം തന്നെയായിരിക്കും. അതേസമയം, എന്തും സൗജന്യമായി ഏല്‍ക്കാന്‍ തയാറുള്ള സര്‍വശക്തനായ ദൈവത്തിലാണ് ഒരാള്‍ ആശ്രയം കണ്ടെത്തുന്നതെങ്കില്‍ ഒന്നും പേടിക്കാനില്ല. ഉദ്ദേശിച്ച കാര്യം ഉദ്ദേശിച്ചതിലും ഭംഗിയായി പൂര്‍ത്തിയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."