പാലാക്കുളം ജലസമൃദ്ധം: സംരക്ഷണത്തിന് തയാറാവാതെ ജല അതോറിറ്റി
ബാലുശ്ശേരി: നന്മണ്ട നാഷനല്‍ സ്‌കൂളിനടുത്ത് പാലാക്കുളം ജല സമൃദ്ധമായിട്ടും അതോറിറ്റിയുടെ അവഗണനയില്‍ അനുദിനം നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്.
നന്മണ്ട ടൗണിലും ഒട്ടുമിക്ക കോളനികളിലും കുടിവെള്ള വിതരണം നടത്തിയിരുന്നത് പാലാക്കുളത്തിലെ വെള്ളം ഉപയോഗിച്ചായിരുന്നു. ഈ ശുദ്ധ ജല വിതരണ പദ്ധതിയാണ് ഇപ്പോള്‍ മുടങ്ങിക്കിടക്കുന്നത്. കുടിവെള്ളം കിട്ടാക്കനിയായി മാറിയതോടെ ജനപ്രതിനിധികളുടെ ഇടപെടലിനെ തുടര്‍ന്നാണ് മൂന്നര പതിറ്റാണ്ട് മുമ്പ് നാഷനല്‍ സ്‌കൂളിനടുത്ത് കുളം ഉള്‍പ്പെടെ പത്ത് സെന്റ് സ്ഥലം അതോറിറ്റി വിലയ്‌ക്കെടുത്ത് കുടിവെള്ള പദ്ധതി ആരംഭിച്ചത്. 25 ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ ശേഷിയുള്ള ടാങ്ക് പുതിയോട്ടുകണ്ടിയിലും നിര്‍മിച്ചു. ഏകദേശം പത്ത് വര്‍ഷത്തോളം പദ്ധതി വിജയകരമായി മുന്നോട്ടു പോയി. പിന്നെ പൈപ്പ് പൊട്ടലും കുടിവെള്ളം മുടങ്ങലും പതിവായി. ഇതിനിടയില്‍ ജലത്തിന്റെ പി.എച്ച് മൂല്യം കുറവാണെന്ന് കണ്ടെത്തിയതോടെ കുടിവെള്ള വിതരണം പൂര്‍ണമായും നിര്‍ത്തി.
കുളത്തിന്റെ പമ്പ് ഹൗസും പരിസരവും രാത്രിയായാല്‍ സാമൂഹ്യ വിരുദ്ധരുടെ പിടിയിലാണ്.പമ്പ് ഹൗസില്‍ പതിനേഴര ഹോഴ്‌സ് പവറുള്ള രണ്ട് മോട്ടോര്‍ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്. സ്വിച്ച് ബോര്‍ഡിന്റെ ചെമ്പ് കമ്പി ഇതിനകം മോഷണം പോയി. ഈ ശുദ്ധജല സ്രോതസ് ഗാര്‍ഹികാവശ്യത്തിന് അനുയോജ്യമല്ലെന്നും കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."