സെക്രേട്ടറിയറ്റ് പരിസരത്തെ സമരങ്ങള്‍ നിരോധിക്കണം: മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പരിസരങ്ങളിലെ സമരങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, തൊഴില്‍ സംഘടനകള്‍, സാമുദായിക സംഘടനകള്‍ തുടങ്ങിയവക്ക് ധര്‍ണയും പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്താന്‍ നഗരത്തില്‍നിന്ന് മാറി മറ്റൊരു സ്ഥലം അനുവദിക്കണമെന്നും കമ്മിഷന്‍ ജുഡിഷ്യല്‍ അംഗം പി. മോഹനദാസ് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
ജേണലിസ്റ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് പൂവച്ചല്‍ സദാശിവന്‍ നല്‍കിയ പരാതിയിലാണ് നടപടി. പൊതുനിരത്തിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി സെക്രട്ടേറിയറ്റ് പരിസരത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കാറുണ്ടെന്ന് സംസ്ഥാന പൊലിസ് മേധാവി കമ്മിഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇതിനായി മറ്റൊരു സ്ഥലം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സമരങ്ങള്‍ നടന്നിട്ടും നടപടിയുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും സാമുദായിക സംഘടനകള്‍ക്കും സമരം ചെയ്യാന്‍ അവകാശമുണ്ടെങ്കിലും അത് മറ്റുള്ളവരുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാകരുതെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. യാതൊരു തത്വദീക്ഷയുമില്ലാതെ നിരന്തരം റോഡ് അടച്ച് ജനങ്ങളെ വലയ്ക്കുന്ന ഇത്തരം പ്രകടനങ്ങള്‍ കാല്‍നട, വാഹന യാത്രികരുടെയും ജീവനക്കാരുടെയും മൗലികാവകാശം തടസപ്പെടുത്തുന്നതാണെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."