ചൂട് കൂടുന്നു: നാല് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍ചൂട് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ 4 വരെ കോഴിക്കോട് ജില്ലയില്‍ താപനില സാധാരണയേക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം ,തൃശ്ശൂര്‍ ജില്ലകളില്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്നലെ സംസ്ഥാനത്ത് രണ്ടിടത്ത് 38 ഡിഗ്രിക്ക് മുകളില്‍ താപനില രേഖപ്പെടുത്തി. പാലക്കാട് 38.3, തൃശൂര്‍ ജില്ലയിലെ വെള്ളാനിക്കര 38.2 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് 37.2, കോട്ടയം 37.0, പുനലൂര്‍ 36.8, ആലപ്പുഴ 36.6 ഡിഗ്രിയും താപനില രേഖപ്പെടുത്തി. എല്ലാ ജില്ലകളിലെയും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
സേവന രംഗത്തുള്ളവര്‍
മുന്‍കരുതലെടുക്കണം
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുന്ന പശ്ചാത്തലത്തില്‍ പൊലിസുകാര്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കമ്മ്യൂണിറ്റി കിച്ചണില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി പകല്‍ സമയത്ത് സേവനം ചെയ്യേണ്ടി വരുന്നവരൊക്കെയും പ്രത്യേകമായ കരുതലും ജാഗ്രതയും പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആവശ്യമായ വിശ്രമത്തോടെയും തണല്‍ ഉറപ്പു വരുത്തിയും മാത്രം ജോലിയില്‍ ഏര്‍പ്പെടണം. ധാരാളമായി ശുദ്ധജലം കുടിക്കുകയും വേണം.
ലോക്ക് ഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കുന്നവര്‍ പകല്‍ 11 മണി മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ വെയിലേല്‍ക്കുന്നത് ഒഴിവാക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."