ഫേസ്ബുക്ക് വീണ്ടും ചോര്‍ത്തുന്നോ?
ഫേസ്ബുക്കിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്ത് വീണ്ടും ആരോപണങ്ങള്‍ ശക്തമാകുന്നു. കേംബ്രിഡ്ജ് അനലിറ്റിക ഫേസ്ബുക്കിലൂടെ 87 മില്ല്യന്‍ ഉപഭോക്താക്കളുടെ വിവരം ചോര്‍ത്തിയതായി തെളിഞ്ഞതിനു പിന്നാലെയാണ് ഫേസ്ബുക്ക് തന്നെ ഉപഭോക്താവിന്റെ വിവരം ചോര്‍ത്തുന്നതായ ആരോപണം ഉയരുന്നത്.
അമേരിക്കയിലെ കാലിഫോര്‍ണിയയിലെ കോടതിയിലാണ് ഇക്കാര്യം ചൂണ്ടി കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. ഫേസ്ബുക്ക് ഉപഭോക്താവിന്റെ സമ്മതമില്ലാതെ ഫോണിലൂടെ ഫോട്ടോ, സന്ദേശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് പരാതിയില്‍ പറയുന്നത്. സിക്‌സ് 3 ഫോര്‍ എന്ന സ്റ്റാര്‍ട്അപ്പ് കമ്പനിയാണ് ഇതുസംബന്ധിച്ച് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ചോര്‍ത്തുന്ന വിവരങ്ങള്‍ കമ്പനി സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായും ആരോപണമുണ്ട്. ഉപഭോക്താവിന്റെ ലൊക്കേഷന്‍, സന്ദേശങ്ങള്‍, റെക്കോര്‍ഡ് ചെയ്ത ഓഡിയോകള്‍ തുടങ്ങിയവയാണ് ചില ആപ്പുകള്‍ ഉപയോഗിച്ച് ഫേസ്ബുക്ക് ചോര്‍ത്തുന്നതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്നും ഉപഭോക്താവിന്റെ സമ്മതമില്ലാതെ വിവരങ്ങള്‍ ശേഖരിക്കാറില്ലെന്നും ഫേസ്ബുക്ക് അറിയിച്ചു. ഫേസ്ബുക്ക് മെസെഞ്ചര്‍, ഫേസ്ബുക്ക് ലൈറ്റ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ ചിലവിവരങ്ങള്‍ ശേഖരിക്കേണ്ടി വരാറുണ്ടെന്നും അവ ഉപഭോക്താവിന്റെ സമ്മതത്തോടെയാണ് ശേഖരിക്കാറുള്ളതെന്നും കമ്പനി വ്യക്തമാക്കി.
കേംബ്രിഡ്ജ് അനലിറ്റിക വിവരം ചോര്‍ത്തിയ സംഭവത്തില്‍ ഫേസ്ബുക്കിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്ത് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."