മാതൃകാ നിയമാവലി: പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമെന്ന് വഖ്ഫ് ബോര്‍ഡ്
കൊച്ചി: വഖ്ഫ് ബോര്‍ഡ് എല്ലാ വഖ്ഫ് സ്ഥാപനങ്ങള്‍ക്കും പൊതു നിയമാവലി തയാറാക്കി അടിച്ചേല്‍പ്പിക്കുന്നുവെന്ന ആക്ഷേപം തികച്ചും വാസ്തവ വിരുദ്ധമാണെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശപൂര്‍വമാണെന്നും കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് യോഗം വിലയിരുത്തി.
വഖ്ഫുകളുടെ രൂപീകരണ സമയത്തും സ്വത്തുക്കള്‍ വഖ്ഫ് ചെയ്യുന്ന സമയത്തും വാഖിഫ് നിര്‍ദേശിച്ച നിബന്ധനകള്‍ ഒരു കാരണവശാലും മാറ്റുവാന്‍ സാധിക്കില്ല. വഖ്ഫ് ബോര്‍ഡ് ഇവയെല്ലാം വെട്ടി മാറ്റി പൊതുവായ നിയമാവലി ഉണ്ടാക്കുമെന്ന് കരുതുന്നതും പ്രചരിപ്പിക്കുന്നതും തികച്ചും മൗഡ്യമാണ്.
ഭരണഘടനയില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളും പൊതുജനങ്ങളും ഒരു സ്‌കീം തയാറാക്കുന്നതിന് വഖ്ഫ് ബോര്‍ഡിനെ സമീപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മാതൃകാ നിയമാവലി ഉണ്ടാക്കി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മതസംഘടനകള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഭേദഗതികളും സമര്‍പ്പിക്കുന്നതിന് വേണ്ടി അയച്ചു കൊടുത്തിട്ടുള്ളത്. ഈ സാഹചര്യത്തെ ബോര്‍ഡിനെതിരായ തെറ്റിദ്ധാരണ പരത്തി പ്രചരണായുധമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്ന് വഖഫ് ബോര്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു.
കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ നല്‍കുന്ന വഖ്ഫ് സംബന്ധിയായ സേവനങ്ങളെ ഉദ്ധരിച്ചുകൊണ്ട് കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡിനെ ആക്ഷേപിക്കുന്നത് ശരിയല്ല.
കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡും കേരള സര്‍ക്കാരും വഖ്ഫ് സ്ഥാപനങ്ങളുടെ വികസനത്തിനും സമൂഹത്തിന്റെയും സമുദായത്തിന്റെയും നന്മക്കും ഒരുപാട് സേവനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് മതപണ്ഡിതന്മാര്‍ക്ക് പ്രതിമാസ പെന്‍ഷനും പതിനായിരക്കണക്കിന് നിര്‍ധനരായ മാരക രോഗം ബാധിച്ചവര്‍ക്ക് ചികിത്സാ സഹായവും ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായവും ഉള്‍പ്പെടെ നല്‍കി വരുന്നുണ്ട്.
ഇത്തരത്തില്‍ നിരവധി സേവന സന്നദ്ധമേഖലയില്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന ഒരു സ്റ്റാറ്റിയൂട്ടറി സ്ഥാപനത്തെ പൊതുസമൂഹത്തിനു മുന്‍പില്‍ കരിവാരിത്തേച്ച് കാണിക്കാനുള്ള ചിലരുടെ ശ്രമം അങ്ങേയറ്റം അപലപനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മെമ്പര്‍മാരായ വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, എം.സി മായിന്‍ഹാജി, അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ. എം ഷറഫുദ്ദീന്‍, ടി.പി അബ്ദുല്ലക്കോയ മദനി, അഡ്വ. ഫാത്തിമ റോസ്‌ന, ഗവണ്‍മെന്റ് അഡീഷനല്‍ സെക്രട്ടറി എ. സാജിത, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ (ഇന്‍ചാര്‍ജ്) യു. അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."