വിവാദങ്ങള്‍ക്കൊടുവില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് സമാപനം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്കു സമാപനമായി. മലപ്പുറത്തെ ഒരു സ്വകാര്യ സ്ഥാപനം നടത്തിയ മോഡല്‍ പരീക്ഷയുടെ 12 ചോദ്യങ്ങള്‍ കടന്നുകൂടിയത് വിവാദമായതിനെ തുടര്‍ന്ന് മാര്‍ച്ച് 20നു നടത്തിയ കണക്കു പരീക്ഷ റദ്ദാക്കിയിരുന്നു. വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലും ആശങ്കയിലുമാക്കിയ പരീക്ഷ ഇന്നലെ ഉച്ചയ്ക്ക് 1.45 മുതല്‍ 4.30 വരെയാണ് നടത്തിയത്. 27ന് പരീക്ഷ അവസാനിക്കേണ്ടതായിരുന്നു.
പുതിയ പരീക്ഷ അത്യധികം സുരക്ഷിതത്വത്തോടെയാണു നടത്തിയത്. ചോദ്യപേപ്പര്‍ അതീവ സുരക്ഷിതമായി സംസ്ഥാനത്താകെയുള്ള 2,933 പരീക്ഷാ കേന്ദ്രങ്ങളിലും ലക്ഷദ്വീപിലേയും ഗള്‍ഫ് മേഖലയിലേയും ഒന്‍പതു വീതമുള്ള പരീക്ഷാ കേന്ദ്രങ്ങളിലും നേരത്തെ എത്തിച്ചു. 4,58,494 പേരാണ് പരീക്ഷയെഴുതിയത്. പുതിയ സ്‌കീമില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളും, ടി.എച്ച്.എസ്.എല്‍.സി വിദ്യാര്‍ഥികളും പരീക്ഷയെഴുതി. പഴയ സ്‌കീമില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ ഹാജരാകേണ്ടതില്ലെന്നു പരീക്ഷാ കമ്മിഷണര്‍ അറിയിച്ചിരുന്നു. സ്‌കീം ഫൈനലൈസേഷന്‍ ക്യാംപ് ഏപ്രില്‍ മൂന്നിനും നാലിനും നടക്കും. നേരത്തെ നിശ്ചയിച്ചിരുന്ന 54 വാല്യുവേഷന്‍ ക്യാംപുകളില്‍ ഏപ്രില്‍ ആറു മുതല്‍ 12 വരെയും 17 മുതല്‍ 25 വരെയുമാണു മൂല്യനിര്‍ണയം. പരീക്ഷയുടെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍മാരുടെയും സബ്ജക്ട് എക്‌സ്‌പേര്‍ട്ട്‌സിന്റെയും യോഗം ഇന്നു നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."