HOME
DETAILS
MAL
സാമ്പത്തിക വര്‍ഷം അവസാനിച്ചു; ആശങ്കയോടെ കരാറുകാര്‍
backup
March 31 2020 | 21:03 PM
തൃശൂര്‍: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ആശങ്കയിലാണ് സംസ്ഥാനത്തെ പി.ഡബ്ലിയു.ഡി കരാറുകാര്‍.
നിര്‍മാണം പൂര്‍ത്തിയായതും പാതിവഴിയില്‍ നിലച്ചതുമായ നിരവധി പദ്ധതികളാണ് ഇന്‍സ്‌പെക്ഷന്‍ നടപടികളില്ലാതെ ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥയിലുള്ളത്.
സാധാരണ ഗതിയില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് സംസ്ഥാനത്ത് മരാമത്ത് പണികള്‍ കൂടുതലായി നടക്കുന്നത്. പണി പൂര്‍ത്തിയായാല്‍ ഓവര്‍സിയര്‍ സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി എ.ഇക്ക് റിപ്പോര്‍ട്ട് നല്‍കണം. തുടര്‍ന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ആവശ്യമെങ്കില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്ഥലം സന്ദര്‍ശിക്കും. തുടര്‍ന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ട്രഷറിയില്‍ നിന്ന് ബില്‍ മാറ്റിയെടുക്കാന്‍ സാധിക്കുക.
എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സൈറ്റ് ഇന്‍സ്‌പെക്ഷന്‍ നടത്താത്ത നൂറുകണക്കിന് നിര്‍മാണപ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തുള്ളത്. കരാറുകാര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുമായി ഫോണില്‍ സംസാരിച്ചെങ്കിലും വിഷയത്തില്‍ സര്‍ക്കാര്‍ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്.
തൊഴിലാളികളുടെ കൂലിയും അനുബന്ധ ചെലവുകളുമടക്കം ലക്ഷക്കണക്കിനു രൂപയുടെ ബാധ്യതയാണ് ഓരോ കരാറുകാരനും നിലവിലുള്ളത്. സ്വകാര്യ പണമിടപാട് സ്ഥാപങ്ങളെ ആശ്രയിച്ചാണ് ഭൂരിഭാഗം കരാറുകാരും മുന്നോട്ടുപോകുന്നത്.
വന്‍കിട കരാറുകാരെ അപേക്ഷിച്ച് ഇടത്തരം കാരാറുകാരാണ് കൂടുതല്‍ പ്രതിസന്ധിയിലാകുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ബില്‍ പാസാക്കിയെടുക്കല്‍ സാങ്കേതികമായ കുരുക്കുകളില്‍ കുടങ്ങുമെന്ന ആശങ്ക ഇവര്‍ക്കുണ്ട്.
പല കരാറുകാര്‍ക്കും നിലവില്‍ വലിയ തുക കുടിശ്ശികയിനത്തില്‍ തന്നെ സര്‍ക്കാരില്‍ നിന്ന് ഇനിയും കിട്ടേണ്ടതുണ്ട്. ഇതിനൊപ്പമാണ് പുതിയ ആശങ്കയും ഉയര്‍ന്നുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."