അര്‍ഹതയുള്ള എല്ലാവര്ക്കും വീട് ഉറപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: അര്‍ഹതയുള്ള മുഴുവന്‍ ആളുകള്‍ക്കും ലൈഫ് പദ്ധതിവഴി വീട് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കരിമഠം ലൈഫ് പദ്ധതിയുടെ ശിലാസ്ഥാപനവും പൂര്‍ത്തിയായ ഭവനങ്ങളുടെ താക്കോല്‍ ദാനവുംനിര്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതി വഴി വീടില്ലാത്തവര്‍ക്ക് വീട് മാത്രമല്ല,
ജീവിതമാര്‍ഗം കണ്ടെത്താനുള്ള സഹായവും നല്‍കാനാണ് ശ്രമിക്കുന്നത്. ഭവനസമുച്ചയങ്ങള്ക്കൊപ്പം കുട്ടികളുടെ പഠനത്തിനാവശ്യമായ പിന്തുണാ സൗകര്യം ഒരുക്കും. പ്രായമായവര്‍, രോഗികള്‍ തുടങ്ങിയവരെ പ്രത്യേകം ശ്രദ്ധിക്കാന്‍ സംവിധാനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വന്തമായി സ്ഥലമുള്ള ഭവനരഹിതര്‍ക്ക് ഒരുവര്‍ഷത്തിനുള്ളില്‍ ലൈഫ് വഴി വീടുനിര്‍മിച്ചുനല്‍കാന്‍ നടപടിയെടുക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി ഡോ. കെ.ടി ജലീല്‍ അറിയിച്ചു. സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്കായി ഒരു ജില്ലയില്‍ ഒരു ഭവനസമുച്ചയമെങ്കിലും ഈ വര്‍ഷം യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കോര്പറേഷന് മേയര്‍ വി.കെ പ്രശാന്ത് അധ്യക്ഷനായി. വി.എസ് ശിവകുമാര്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ സിമി ജ്യോതിഷ്, ആര്. ഗീതാഗോപാല്‍, കെ. ശ്രീകുമാര്‍, സഫീറാ ബീഗം, ആര്. സതീഷ്കുമാര്‍, എസ്. ഉണ്ണികൃഷ്ണന്, കോര്പറേഷന് ബി.ജെ.പി ലീഡര്‍ വി.ജി ഗിരികുമാര്‍, യു.ഡി.എഫ് ലീഡര്‍ ഡി. അനില്‍കുമാര്‍, മുന്മേയര് കെ. ചന്ദ്രിക, യു.ആര്.സി ബി.പി.ഒ എ. നജീബ്, നഗരസഭാ സെക്രട്ടറി എല്‍.എസ് ദീപ സംബന്ധിച്ചു. കരിമഠത്തില്‍ ബി.എസ്.യു.പി പദ്ധതി വഴി നിര്‍മാണം തുടങ്ങിയ 180 ഭവനങ്ങളാണ് ഇപ്പോള്‍ ഒന്‍പതു ബ്ലോക്കുകളിലായി പൂര്‍ത്തിയാക്കി കൈമാറിയത്.
നേരത്തെ 140 ഭവനങ്ങള്‍ കൈമാറിയിരുന്നു. ലൈഫ് പദ്ധതി വഴി 87 ഭവനങ്ങളുടെ ശിലാസ്ഥാപനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."