ഹരിതം സഹകരണം പദ്ധതി: ഈ വര്‍ഷം ജില്ലയില്‍ 4000 തൈകള്‍നടും
തൊടുപുഴ: സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അഞ്ചിന് രാവിലെ 11 മണിക്ക് പീരുമേട് സര്‍ക്കിള്‍ സഹകരണ യൂനിയന്‍ അങ്കണത്തില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എയുടെ അധ്യക്ഷയാവുന്ന യോഗത്തില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി നിര്‍വഹിക്കും.
ഈ വര്‍ഷം ജില്ലയില്‍ 4000 പ്ലാവിന്‍ തൈകള്‍ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വെച്ചുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അഞ്ച് ലക്ഷം ഫലവൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കാനാണ് സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്.
'തീം ട്രീസ് ഓഫ് കേരള' എന്ന പേരില്‍ ആവിഷ്‌ക്കരിക്കുന്ന ഈ പദ്ധതിയിലൂടെ പ്ലാവ്, കശുമാവ്, തെങ്ങ്, പുളി, മാവ് എന്നി മരങ്ങളാണ് വെച്ചുപിടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ തുടക്കംകുറിച്ച ഹരിത കേരളം പദ്ധതിക്ക് പിന്തുണ നല്‍കിക്കൊണ്ടാണ് ഹരിത സഹകരണം പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം സഹകരണ വകുപ്പ് തുടക്കംകുറിച്ചത്.
ചക്കയെ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ വര്‍ഷം പ്ലാവ് വെച്ചുപിടിപ്പിക്കുന്നത്. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തുടക്കം കുറിച്ച് 20 വരെയുള്ള കാലയളവിലാണ് പദ്ധതി നടപ്പാക്കുന്നത്.
2019 ല്‍ കശുമാവ്, 2020 ല്‍ തെങ്ങ്, 2021 ല്‍ പുളി, 2022 ല്‍ മാവ് എന്നിങ്ങനെ നട്ടുപിടിപ്പിക്കാനാണ് സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്.
തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ ജില്ലകള്‍ക്കുള്ള ടാര്‍ജറ്റ് ഇങ്ങനെയാണ്. തിരുവനന്തപുരം 10000, കൊല്ലം 8000, പത്തനംതിട്ട 5000, ആലപ്പുഴ 6000, കോട്ടയം 7000, ഇടുക്കി 4000, എറണാകുളം 10000, തൃശൂര്‍ 10000, പാലക്കാട് 7000, മലപ്പുറം 8000, കോഴിക്കോട് 10000, കണ്ണൂര്‍ 10000, വയനാട് 2000, കാസര്‍കോട് 3000. ഓരോ സഹകരണ സംഘങ്ങളും ആവശ്യമായിവരുന്ന തൈകള്‍ സ്വന്തമായി ഉല്‍പാദിപ്പിക്കണം.
ഒരു സംഘം കുറഞ്ഞത് 10 തൈകള്‍ നട്ട് പരിപാലിക്കണം. എല്ലാ സഹകരണ സ്ഥാപനങ്ങളും തങ്ങളുടെ അധീനതയിലുള്ള സ്ഥലത്തും ബന്ധപ്പെട്ട അധികാരികളുടെ അനുമനതിയോടെ പൊതുജനങ്ങള്‍ക്ക് ഗുണകരമായി ഭവിക്കുന്ന പൊതു സ്ഥലങ്ങളിലും വൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കേണ്ടതാണ്. പരമാവധി വൃക്ഷത്തൈകള്‍ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കണം.
വൃക്ഷത്തൈകള്‍ നല്‍കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അവബോധമുണ്ടാക്കുന്നതിനായി പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് സെമിനാറുകളും ചര്‍ച്ചാ ക്ലാസുകളും സംഘടിപ്പിക്കണമെന്നാണ് സഹകരണ വകുപ്പ് രജിസ്ട്രാര്‍ ഡോ. സജിത്ബാബു നല്‍കിയിരിക്കുന്ന നിര്‍ദേശം.
ജില്ലാ തലത്തില്‍ പദ്ധതിയുടെ ഏകോപനത്തിനും അവലോകനത്തിനും ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തന പുരോഗതി റിപോര്‍ട്ട് ജോയിന്റ് രജിസ്ട്രാര്‍മാര്‍ എല്ലാ 10-ാം തിയതിക്ക് മുന്‍പായി സഹകരണ സംഘം രജിസ്ട്രാര്‍ക്ക് സമര്‍പിക്കണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."