നോര്‍ക്ക റൂട്ട്സ് ജില്ലാ കാര്യാലയം നോക്കുകുത്തിയായി; പ്രതിഷേധവുമായി പ്രവാസിസംഘടനകള്‍
ആലപ്പുഴ: പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്സ് ജില്ലാ ഓഫിസ് പ്രവര്‍ത്തനരഹിതം.
വിവിധ ആവശ്യങ്ങള്‍ക്കായി കലക്ടറേറ്റിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിലെത്തുന്നവര്‍ നിരാശരായി മടങ്ങിപ്പോകുകയാണ്. പ്രവാസികള്‍ക്ക് ഏറെ ഗുണകരമായ അറ്റസ്റ്റേഷന്‍ സംവിധാനം ഇവിടെയില്ലെന്നത് തന്നെ എടുത്തു പറയത്തക്ക പോരായ്മയാണ്. ഇതൊഴിച്ചുള്ള മറ്റു സേവനങ്ങള്‍ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന നിലവില്‍ ജോലി നോക്കിവരുന്നവരും ജോലി മതിയാക്കി തിരിച്ചെത്തിയവരുമായ പ്രവാസികള്‍ക്ക് ഓഫിസില്‍ നിന്ന് ഒരു സേവനവും ലഭിക്കാത്ത സ്ഥിതിയാണുള്ളത്.ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഈ ദിവസങ്ങളിലെത്തിയാല്‍ പോലും പല കാര്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കാന്‍ പോലും ഓഫിസിലെ ജീവനക്കാര്‍ക്ക് കഴിയുന്നില്ല.
പ്രവര്‍ത്തി ദിനങ്ങളില്‍ പോലും പല സന്ദര്‍ഭങ്ങളിലും ജീവനക്കാര്‍ ഇല്ലാത്തതായും ആക്ഷേപം ഉണ്ട്.വിവിധ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നവരോട് തിരുവനന്തുപത്തെ നോര്‍ക്ക ആസ്ഥാനത്തെ ഫോണ്‍ നമ്പര്‍ നല്‍കി തിരിച്ചയക്കുന്ന ജോലി മാത്രമാണ് ജീവനക്കാര്‍ ചെയ്യുന്നത്. എന്നാല്‍ നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്തെ നമ്പറില്‍ ബന്ധപ്പെട്ടാല്‍ കൃത്യമായി ഫോണ്‍ എടുക്കാന്‍ പോലും ആളുണ്ടാകില്ലെന്ന് പ്രവാസികള്‍ പരാതിപ്പെടുന്നു.നോര്‍ക്ക റൂട്ട്‌സിലെ അംഗത്വ കാര്‍ഡ് കാലാവധി പൂര്‍ത്തിയായാല്‍ പുതുക്കി നല്‍കാന്‍ പോലും മാസങ്ങളും വര്‍ഷങ്ങളുമെടുക്കുന്ന സ്ഥിതിയാണ്.
അതും ആലപ്പുഴ ഓഫിസില്‍ പുതുക്കാന്‍ നല്‍കുന്നവര്‍ക്ക് കൃത്യമായി മറുപടി പോലും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. ജില്ലയുടെ വിദൂര പ്രദേശങ്ങളായ ചെങ്ങന്നൂര്‍, മാവേലിക്കര, ചാരുംമൂട് എന്നിവിടങ്ങളില്‍ നിന്നും മറ്റും നിരവധി പ്രവാസികളാണ് നോര്‍ക്ക റൂട്ട്‌സില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ദിനം പ്രതി എത്തുന്നത്. ഓഫിസിന്റെ പ്രവര്‍ത്തനം ആഴ്ചയില്‍ എല്ലാ ദിവസവും വേണമെന്നും പരിച യ സമ്പന്നരും വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്നവരോട് നല്ല രീതിയില്‍ പെരുമാറുന്നതുമായ ഉദ്യോഗസ്ഥരെ ഇവിടെ നിയമിക്കണമെന്നുമാണ് പ്രവാസികളുടെ ആവശ്യം.നോര്‍ക്ക റൂട്ട്‌സ് ഓഫിസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാത്ത പക്ഷം പ്രവാസി സംഘടനകളെ ഇടപെടുത്തി ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."