സ്വത്തുതര്‍ക്കം: ജ്യേഷ്ഠനെ അനുജന് കല്ലെറിഞ്ഞു കൊന്നു
പാലാ: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വയോധികനായ ജ്യേഷ്ഠനെ സഹോദരന് കല്ലെറിഞ്ഞ് കൊലപ്പെടുത്തി. പാലാ വിളക്കുമാടത്താണ് സംഭവം. ഇടമറ്റം മുകുളേല്പീടിക ഓമശേരില്‍ കുട്ടപ്പന് (78) ആണ് കൊല്ലപ്പെട്ടത്. കുട്ടപ്പനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന് മോഹനന് അറസ്റ്റിലായി.
കുടുംബസ്വത്ത് വീതം വയ്ക്കാത്തത് സംബന്ധിച്ച് കുട്ടപ്പനും മോഹനും തമ്മില്‍ നാളുകളായി തര്‍ക്കം നിലനിന്നിരുന്നു. ലോട്ടറി തൊഴിലാളിയും കാന്‍സര്‍രോഗിയുമായ മോഹനന് വിളക്കുമാടത്തുള്ള തറവാട്ടിലായിരുന്നു താമസിച്ചിരുന്നത്. സ്വത്ത് ഭാഗിക്കാത്തതിനാല് ഇരുവരും സ്ഥലം കൈയേറി അനുഭവിച്ചു വരികയായിരുന്നു. തറവാട് വീടിന് സമീപം കുട്ടപ്പന് കൃഷി ചെയ്തിരുന്നു. ഇന്നലെ രാവിലെ 10.30 ഓടെ ഇവിടെയെത്തിയ കുട്ടപ്പന് മോനഹനുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന വാക്കത്തിയുമായി കുട്ടപ്പന് വെട്ടാന്‍ ശ്രമിച്ചപ്പോള്‍ മോഹനന് കല്ല് പെറുക്കി എറിയുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. തലയിലും നെഞ്ചിലും കല്ലുകൊണ്ട് ഗുരുതരമായി പരുക്കേറ്റ കുട്ടപ്പന് താഴെവീഴുകയായിരുന്നു. മോഹനന്റെ മകനാണ് കുട്ടപ്പനെ ആംബുലന്‍സില്‍ പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ മരണം സംഭവിച്ചിരുന്നു.
സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ നാളുകള്‍ക്ക് മുന്‍പ് മോഹനന്റെ സ്കൂട്ടര്‍ കുട്ടപ്പന് തീവച്ച് നശിപ്പിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് മോഹനന്റെ പട്ടിയെയും കുട്ടപ്പന് വെട്ടിക്കൊന്നിരുന്നു. കൊല്ലപ്പെട്ട കുട്ടപ്പന്റെ ഭാര്യ മണിയമ്മ ചെങ്ങന്നൂര്‍ കളത്തറയില്‍ കുടുംബാംഗമാണ്. മക്കള്‍: മനോജ് (സഊദി), മാജി. മരുമക്കള്‍: ബിന്ദു, ഷിബു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."