'നിപാ' ജില്ല തളരുന്നു
കോഴിക്കോട്: നിപ ഭീതി ജില്ലയിലെ സാമ്പത്തിക മേഖലയെയും ബാധിച്ചു തുടങ്ങി. കോഴിക്കോട് ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കുള്ള ജനങ്ങളുടെ വരവും പോക്കും കുറഞ്ഞതാണ് വിപണിയെയും തളര്‍ത്തിയിരിക്കുന്നത്. ഓട്ടോറിക്ഷാ തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയുമാണ് സാമ്പത്തിക പ്രതിസന്ധി ഏറെ ബാധിച്ചിരിക്കുന്നത്. നിപാ ബാധ പഴങ്ങളിലൂടെയാണ് പടര്‍ന്നതെന്ന പ്രചാരണത്തെ തുടര്‍ന്ന് ഇടിഞ്ഞ പഴ വിപണി ഇതുവരെ കരകയറിയിട്ടില്ല.
കൂടാതെ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ തിരക്ക് പകുതിയിലേറെയായി കുറഞ്ഞിരിക്കുകയാണ്. ഇത് ഇവിടുത്തെ വ്യാപാരത്തെയും ബാധിച്ചു.
അതേസമയം നിപാ ബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലേക്കുള്ള ബസ് സര്‍വിസുകള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. തെറ്റായ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതാണ് പ്രശ്‌നം ഇത്രയേറെ സങ്കീര്‍ണമാക്കാന്‍ ഇടയാക്കിയതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഇനിയും ഈ സ്ഥിതി തുടര്‍ന്നാല്‍ സര്‍വമേഖലകളെയും പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്റെ സ്ഥിതിയും ഭിന്നമല്ല. വന്നു പോകുന്ന ട്രെയിനുകളില്‍ നിന്നും കോഴിക്കോട് യാത്രക്കാര്‍ ഇറങ്ങുന്നതില്‍ കുറവു വന്നിട്ടുണ്ട്. റെയില്‍വേ സ്‌റ്റേഷനിലെ പതിവ് തിരക്ക് ഇപ്പോള്‍ ഒരു സമയത്തും കാണാനില്ല. നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണ്. പലര്‍ക്കും വല്ലപ്പോഴും മാത്രമാണ് ഓട്ടം കിട്ടുന്നത്. ദിവസേന 1,000 രൂപ ലഭിച്ചിരുന്ന പലര്‍ക്കും ഇപ്പോള്‍ 300 രൂപ മാത്രമാണ് ലഭിക്കുന്നത്. ദിവസാടിസ്ഥാനത്തില്‍ ഓട്ടോറിക്ഷ വാടകക്കെടുത്ത് ഓടിക്കുന്നവര്‍ക്കാണ് ഏറ്റവും തിരിച്ചടിയായത്. വാടക കൊടുക്കാന്‍ തന്നെ 350 രൂപ വേണ്ടിവരും.
കൂടാതെ നിപാ വൈറസ് ബാധ സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള രോഗികളുടെ വരവിലും വലിയ കുറവാണ് വരുത്തിയിരിക്കുന്നത്. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ചില സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന പ്രചാരണമാണ് ഇതിനു പിന്നില്‍. നിപാ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനു മുന്‍പ് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ച ചിലരില്‍നിന്ന് സമീപത്തുണ്ടായിരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും രോഗം പടര്‍ന്നുവെന്നതു വാസ്തവമാണെങ്കിലും നിപാ ബാധയുടെ പശ്ചാത്തലത്തില്‍ മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കിയാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."