തുര്‍ക്കി സ്ഫോടനം: ചാവേറുകള്‍ റഷ്യ, ഉസ്ബെക്, കിര്‍ഗിസ്ഥാന്‍ പൗരന്മാര്
ഇസ്താംബൂള്‍: തുര്‍ക്കിയിലെ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം നടത്തിയ തീവ്രവാദികളെ തിരിച്ചറിഞ്ഞതായി തുര്‍ക്കി പൊലിസ്. റഷ്യ, ഉസ്ബെകിസ്ഥാന്, കിര്‍ഗിസ്ഥാന്‍ പൗരന്മാരാണ് ഇവരെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ചാവേറുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലിസ് തയാറായില്ല. ചാവേറുകളുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പൊലിസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളിലും ഇവരുടെ ചിത്രങ്ങള്‍ പതിഞ്ഞു. തീവ്രവാദികള്‍ തപ്പിത്തടഞ്ഞാണ് തുര്‍ക്കിഷ് ഭാഷ സംസാരിച്ചതെന്ന് വിമാനത്താവളത്തിലെ ജീവനക്കാര്‍ പറഞ്ഞു.
വെടിയുതിര്‍ത്ത് വിമാനത്താവളത്തിലേക്ക് കയറിയ ഇവര്‍ പിന്നീട് പൊട്ടിത്തെറിക്കുകയായിരുന്നു. 19 വിദേശികളടക്കം 43 പേരാണ് കൊല്ലപ്പെട്ടത്. 239 പേര്‍ക്ക് പരുക്കേറ്റു.
13 പേര്‍ക്ക് സ്ഫോടനത്തില്‍ പങ്കുണ്ടെന്നാണ് തുര്‍ക്കി പൊലിസ് സംശയിക്കുന്നത്. ആക്രമണത്തിനു മുമ്പ് ഇവര്‍ യാത്രക്കാരെ ബന്ദികളാക്കാനും ശ്രമം നടത്തിയതായി പൊലിസ് പറഞ്ഞു. ഇസ്താംബൂളില്‍ 16 സ്ഥലങ്ങളില്‍ പൊലിസ് റെയ്ഡ് നടത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഐ.എസാണ് ആക്രമണത്തിനുപിന്നിലെന്നാണ് ലഭ്യമായ വിവരം. ഇക്കാര്യം തുര്‍ക്കിയും യു.എസും സ്ഥിരീകരിച്ചിട്ടുണ്ട്.
ഈജിയന്‍ തീരപ്രദേശമായ ഇസ്മിറിലാണ് തീവ്രവാദികള്‍ താമസിച്ചതെന്നാണ് സൂചന. ഇവിടെയാണ് ഐ.എസ് യൂനിറ്റ് തുടങ്ങിയത്. തീവ്രവാദികള്‍ക്ക് സാമ്പത്തികവും മറ്റും സഹായം നല്‍കിയവരെ തെരയുന്നുണ്ട്. അതിനിടെ, സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."